അയർലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ബാറ്റർമാരായ രോഹിത് ശർമയുടെയും റിഷഭ് പന്തിന്റെയും പ്രകടനമാണ്. മത്സരത്തിൽ ബാറ്റിംഗിന് പ്രതികൂലമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിച്ചിനെ പറ്റി കൃത്യമായി മനസ്സിലാക്കി റൺസ് കണ്ടെത്താൻ ഇരുബാറ്റർമാർക്കും സാധിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോഹ്ലി പുറത്തായിട്ടും മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് കരുതലോടെയാണ് കളിച്ചത്. മത്സരത്തിൽ 26 പന്തുകളിൽ 36 റൺസ് നേടിയ പന്ത് പുറത്താവാതെ നിന്നു. 3 ബൗണ്ടറികളും 2 സിക്സറുകളുമാണ് പന്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഈ സാഹചര്യത്തിൽ പന്തിനെ ഇന്ത്യ മൂന്നാം നമ്പറിൽ സ്ഥിരമാക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ഇതിനുള്ള മറുപടിയുമായാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിന്റെ മൂന്നാം നമ്പർ ബാറ്ററായി പന്തിനെ നിശ്ചയിക്കേണ്ടി വരും എന്നാണ് റാത്തോർ പറഞ്ഞത്. ഒരു ഇടംകയ്യൻ ബാറ്ററായതിനാൽ തന്നെ ഇന്ത്യയ്ക്ക് പന്തിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നും റാത്തോർ കരുതുന്നു.
മത്സരത്തിൽ ഒരു തകർപ്പൻ സിക്സർ നേടിയായിരുന്നു പന്ത് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. പന്തിന്റെ ഈ ഷോട്ടിനെ പ്രശംസിച്ചുകൊണ്ട് പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് പന്തിനെപ്പറ്റി സംസാരിച്ചത്.
“തീർച്ചയായും വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് പന്ത് കാഴ്ച വയ്ക്കുന്നത്. ഇതുവരെ ഞങ്ങൾ ഇവിടെ രണ്ടു മത്സരങ്ങളാണ് കളിച്ചത്. 2 മത്സരങ്ങളിലും അതിമനോഹരമായി കളിക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിമിഷം ഞങ്ങളുടെ മൂന്നാം നമ്പർ ബാറ്ററായി പന്തിനെ തന്നെയാണ് കാണുന്നത്. അവൻ ഒരു ഇടംകയ്യൻ ബാറ്ററാണ് എന്ന കാര്യവും ഞങ്ങൾക്ക് സഹായകരമായി മാറും എന്നത് ഉറപ്പാണ്.”- വിക്രം റാത്തോർ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും ഇത്തരത്തിൽ വളരെ മികച്ച പ്രകടനം പന്ത് കാഴ്ച വെച്ചിരുന്നു.
2022 ഡിസംബറിലാണ് പന്തിന് വലിയൊരു കാർ അപകടം ഉണ്ടായത്. ശേഷം ഒരു നീണ്ട ഇടവേള ക്രിക്കറ്റിൽ നിന്ന് പന്തിന് എടുക്കേണ്ടി വന്നു. പിന്നീട് 2024 ഐപിഎല്ലിലൂടെയാണ് പന്ത് തിരികെ എത്തിയത്. ഐപിഎല്ലിൽ മികവാർന്ന പ്രകടനങ്ങൾ തന്നെയായിരുന്നു താരം കാഴ്ചവച്ചത്.
ശേഷം ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്കും പന്തിന് സെലക്ഷൻ ലഭിച്ചു. എന്നാൽ പരിക്കിൽ നിന്ന് തിരികെയെത്തിയ ഉടനെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ പന്തിനെ ഉൾപ്പെടുത്തിയതിനെതിരെ ചില മുൻ താരങ്ങൾ രംഗത്ത് വന്നിരുന്നു. എന്നാൽ വലിയ മത്സരങ്ങളിൽ പന്തിന്റെ പ്രകടനം വളരെ മികച്ചതാണ്. 2024 ട്വന്റി20 ലോകകപ്പിലും മികച്ച തുടക്കമാണ് പന്തിന് ലഭിച്ചിരിക്കുന്നത്.