പിഴവുകൾ തിരുത്താൻ കോഹ്ലി ശ്രമിക്കുന്നില്ല.. സച്ചിൻ അന്ന് ചെയ്തത് പിന്തുടരണം. ഇർഫാൻ പത്താൻ

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ 5 മത്സരങ്ങളിലെയും വിരാട് കോഹ്ലിയുടെ മോശം പ്രകടനങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കോഹ്ലിയ്ക്ക് പകരം ഒരു യുവതാരത്തിന് ഇന്ത്യ പരമ്പരയിൽ അവസരം നൽകിയിരുന്നുവെങ്കിലും, ഇതിലും നല്ല പ്രകടനം കാഴ്ചവച്ചേനെ എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.

പരമ്പരയിലൂടനീളം ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ വിരാട് കോഹ്ലി ഔട്ട് ആവുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ പേസർമാർ കോഹ്ലിയ്ക്കെതിരെ ഈ ലളിതമായ മനോഭാവമാണ് 5 മത്സരങ്ങളിലും സ്വീകരിച്ചത്. ഇതിനൊക്കെയും ശേഷമാണ് ഇപ്പോൾ പത്താൻ രംഗത്ത് എത്തിയിരിക്കുന്നത്.

കോഹ്ലിയ്ക്ക് അനാവശ്യമായി സൂപ്പർസ്റ്റാർ കൾച്ചർ നൽകുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്നാണ് പത്താന്റെ അഭിപ്രായം. “ഇന്ത്യയ്ക്ക് ഇത്തരത്തിൽ ഒരു സൂപ്പർസ്റ്റാർ കൾച്ചർ ആവശ്യമില്ല. ഇന്ത്യയ്ക്ക് ആവശ്യം ടീം കൾച്ചറാണ്. കോഹ്ലി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ട് ഒരുപാട് നാളുകളായി. അവസാനമായി അവൻ കളിച്ചത് ഒരുപാട് വർഷങ്ങൾക്കു മുൻപാണ്. ഇതൊക്കെയും പ്രധാനപ്പെട്ട കാര്യമാണ്. കോഹ്ലി ആഭ്യന്തര ക്രിക്കറ്റിൽ അവസാനമായി കളിച്ചതിന് ശേഷം സച്ചിൻ  പോലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.”- ഇർഫാൻ പത്താൻ പറയുന്നു.

“സത്യം പറഞ്ഞാൽ സച്ചിൻ ടെണ്ടുൽക്കർക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം തന്റെ മത്സരം കൂടുതൽ ഭംഗിയാക്കുന്നതിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചു. എന്താണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമെന്ന് പൂർണമായ ബോധ്യം സച്ചിന് ഉണ്ടായിരുന്നു. എങ്ങനെ റൺസ് കണ്ടെത്തണമെന്ന് നമുക്ക് വിരാട് കോഹ്ലിയെ പഠിപ്പിക്കേണ്ട ആവശ്യമില്ല. കാരണം മുമ്പ് സ്ഥിരതയാർന്ന രീതിയിൽ റൺസ് കണ്ടെത്തിയ താരം തന്നെയാണ് കോഹ്ലി. പക്ഷേ കഴിഞ്ഞ കുറച്ച് ഇന്നിംഗ്സുകളിലായി കേവലം 15 റൺസ് ശരാശരിയിലാണ് കോഹ്ലി കളിക്കുന്നത്. കഴിഞ്ഞ 5 വർഷങ്ങളിൽ 30ന് താഴെ ശരാശരി മാത്രമാണ് കോഹ്ലിയ്ക്ക് ടെസ്റ്റ് മത്സരങ്ങളിൽ ഉള്ളത്.”- ഇർഫാൻ പത്താൻ കൂട്ടിച്ചേർക്കുന്നു.

“ഒരുപക്ഷേ കോഹ്ലിയ്ക്ക് പകരം മറ്റൊരു യുവ ക്രിക്കറ്ററെ ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫിക്കായി തിരഞ്ഞെടുത്തിരുന്നുവെങ്കിൽ അവനും 25- 30 ആവറേജ് സ്വന്തമാക്കാൻ സാധിച്ചേനെ. നമ്മൾ ഇപ്പോൾ വിരാട് കോഹ്ലിയെ ഡിഗ്രേഡ് ചെയ്യുകയല്ല ചെയ്യുന്നത്. പക്ഷേ എല്ലാ സമയത്തും ഒരേ രീതിയിൽ അവൻ പുറത്താവുന്നതാണ് നമ്മുടെ പ്രശ്നം. ഒരേ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാൻ പാടില്ല. പിഴവുകൾ തിരിച്ചറിഞ്ഞ് മികവ് പുലർത്താൻ സാധിക്കണം. നിലവിൽ സുനിൽ ഗവാസ്കർ ഇവിടെയുണ്ട്. വിരാട് കോഹ്ലിയ്ക്ക് വേണമെങ്കിൽ അത്തരം ഇതിഹാസ താരങ്ങളോട് സംസാരിക്കാം. പക്ഷേ ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാൻ കോഹ്ലി കഠിനപ്രയത്നങ്ങൾ നടത്തുന്നില്ല എന്നതാണ് വസ്തുത.”- ഇർഫാൻ പത്താൻ പറഞ്ഞുവെക്കുന്നു.

Previous article“ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം”- പരാജയത്തിന് ശേഷം ഗൗതം ഗംഭീർ.