അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്ത് ന്യൂസിലന്‍റ്. മൂന്നാം ഏകദിനത്തിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ഒരു റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍റ് സ്വന്തമാക്കിയത്. 361 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടാനാണ് അയര്‍ലണ്ടിനു കഴിഞ്ഞുള്ളു.അവസാന പന്തില്‍ 3 റണ്‍ വേണമെന്നിരിക്കെ അരങ്ങേറ്റ താരം ഗ്രഹാം ഹ്യൂമിനു 1 റണ്‍ ബൈയിലൂടെയാണ് നേടാന്‍ കഴിഞ്ഞത്.
ഒരു ഘട്ടത്തില്‍ പോള്‍ സ്റ്റെര്‍ലിങ്ങിന്‍റെയും ഹാരി ടെക്ടറിന്‍റേയും കൂട്ടുകെട്ടിലൂടെ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷങ്ങളില്‍ ന്യൂസിലന്‍റ് ബോളര്‍മാര്‍ വിജയം നേടിയെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ടിനു തുടക്കത്തലേ ക്യാപ്റ്റനായ ബാല്‍ബറിനെ (0) നഷ്ടമായി. മക്ബെറിന്‍ (20 പന്തില്‍ 26) മികച്ച തുടക്കം നല്‍കിയെങ്കിലും വേഗം പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന പോള്‍ സ്റ്റെര്‍ലിങ്ങും ഹാരി ടെക്ടറും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന് 150 പന്തില്‍ 179 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 241 ന് 2 എന്ന നിലയില്‍ നിന്നുമാണ് അയര്‍ലണ്ടിന്‍റെ വീഴ്ച്ച ആരംഭിച്ചത്. 103 പന്തില്‍ 14 ഫോറും 5 സിക്സുമായി 120 റണ്‍സാണ് നേടിയത്. ഹാരി ടെക്ടറാകട്ടെ 106 പന്തില്‍ 7 ഫോറും 5 സിക്സുമായി 108 റണ്‍സ് നേടി. അവസാന ഓവറില്‍ 10 റണ്‍ വേണമെന്നിരിക്കെ ഫോറടിച്ചെങ്കിലും വാലറ്റനിരക്ക് വിജയത്തിലേക്ക് എത്താനായില്ലാ. ന്യൂസിലന്‍റിനായി മാറ്റ് ഹെന്‍റി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്‍റ്നര്‍ 3 വിക്കറ്റ് വീഴ്ത്തി. 1 വിക്കറ്റ് ടിക്നര്‍ നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റിനായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (115) സെഞ്ചുറി നേടി. ഹെന്‍റി നിക്കോളസ് (54 പന്തില്‍ 79) ഗ്ലെന്‍ ഫിലിപ്പ്സ് (30 പന്തില്‍ 47) എന്നിവര്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവച്ചു.