ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചത് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീമാണ്. ആദ്യ സീസണിൽ തന്നെ ഏവരെയും അമ്പരപ്പിച്ച പ്രകടനം പുറത്തെടുക്കുന്ന ടീം കിരീടം നേടുമെന്ന് മുൻ താരങ്ങൾ അടക്കം ഇതിനകം നിരീക്ഷിക്കുന്നുണ്ട്. ലക്ക്നൗവിനെതിരായ അവസാന കളിയിൽ ജയം സ്വന്തമാക്കിയ ഹാർദിക്ക് പാണ്ട്യയും സംഘവും ഈ ഐപിൽ സീസണിലെ പ്ലേഓഫ് യോഗ്യത നേടുന്ന ആദ്യത്തെ ടീമായി മാറിയിരുന്നു. അതേസമയം ടീമിന്റെ കുതിപ്പിനും ഒപ്പം കയ്യടികൾ വളരെ അധികം സ്വന്തമാക്കുന്നത് ക്യാപ്റ്റൻ ഹാർദിക്ക് തന്നെ. ബാറ്റ് കൊണ്ട് മുൻ നിരയിൽ നിന്നും നയിക്കുന്ന താരത്തിന്റെ ക്യാപ്റ്റൻസിയും പ്രശംസനീയം.
സീസണിൽ 300+ റൺസ് നേടിയ താരം വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ ഹാർദിക്ക് പാണ്ട്യയെ ടി:20 ലോകക്കപ്പ് അടക്കം മുന്നിൽ നിൽക്കേ ഇന്ത്യൻ ടീമിലേക്ക് എടുക്കരുതെന്ന് ആവശ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ.അവസാനമായി ഇക്കഴിഞ്ഞ ടി :20 ലോകകപ്പിലാണ് ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ കുപ്പായം അണിഞ്ഞത്. ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കുമാണ് ടീമിലെ താരത്തിന്റെ സ്ഥാനം നഷ്ടമാക്കിയത്.
ഈ ഐപിഎല്ലിൽ ഹാർദിക്ക് മികച്ച ബാറ്റിങ് പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട് എങ്കിലും താരം സ്ഥിരമായി ബൗൾ ചെയ്യാത്തത് ഒരു ചെറിയ ആശങ്കയാണെന്ന് പറയുന്ന മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ അതിനാൽ തന്നെ ഹാർദിക്കിനെ ഉടനടി തന്നെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് പരിഗണിക്കേണ്ടത്തിലെല്ലെന്ന് വിശദമാക്കി.
” തുടക്കത്തിൽ കുറച്ച് കളികളിൽ ബൗൾ എറിഞ്ഞെങ്കിലും, ശേഷം ടീമിനായി ബൗൾ ചെയ്യുന്നില്ല. അതിനാൽ തന്നെ ടി :20 ലോകക്കപ്പ് അടക്കം വരാനിരിക്കേ ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ ടീമിലേക്ക് എത്തണമെന്ന് ഞാൻ പറയില്ല. കേവലം 140 കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞ സാഹചര്യത്തിൽ ഹാർദിക്ക് ടീമിലേക്ക് എത്തില്ല. അദ്ദേഹം രഞ്ജിയിൽ അടക്കം ബൗൾ ചെയ്ത ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തണം ” പാർഥിവ് പട്ടേൽ അഭിപ്രായം വ്യക്തമാക്കി.