ഐപിൽ ആവേശം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് പതിനഞ്ചാം സീസണിലെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ രണ്ട് പുത്തൻ ടീമുകൾ കൂടി എത്തുമ്പോൾ പോരാട്ടങ്ങൾ വാശി നിറഞ്ഞതായി മാറുമെന്നത് തീർച്ച. അതേസമയം ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിന് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
സീസണിന്റെ തുടക്ക മത്സരങ്ങളിൽ സ്റ്റാർ താരങ്ങൾ പലരും കളിക്കാനില്ലയെന്ന വെല്ലുവിളി ഡൽഹി ക്യാപിറ്റൽസ് ടീമിനെ സാരമായി ബാധിക്കുമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവരെ നഷ്ടമാക്കിയ ഡൽഹി ടീം പകരം മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, റോവ്മാൻ പവൽ എന്നിവരെ സ്‌ക്വാഡിലേക്ക് എത്തിച്ചിരുന്നു. ഇവർ പലരും പരിക്കും മറ്റ് ചില പരമ്പരകളും കാരണം സീസണിന്റെ തുടക്കത്തിൽ കളിക്കുവാനെത്തില്ലയെന്നാണ് സൂചന.
ഇക്കാര്യം ചൂണ്ടികാട്ടിയാണ് ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകുന്നത്. ” വിദേശ താരങ്ങൾ സീസണിന്റെ തുടക്ക ആഴ്ചകളിൽ കളിക്കാനെത്തില്ലയെന്നത് ഡൽഹിക്ക് തിരിച്ചടി തന്നെയാണ്. മിച്ചൽ മാർഷ് പാകിസ്ഥാൻ എതിരായ പരമ്പര കാരണം കളിക്കാനായി തുടക്കത്തിലെ ആഴ്ചകളിൽ എത്തില്ല.ഡേവിഡ് വാർണറും തുടക്ക മത്സരങ്ങളിൽ കളിക്കില്ല. പവൽ പരിക്ക് കാരണം ഫിറ്റ്നസ് ഇതുവരെയും നേടിയിട്ടില്ല. അതിനാൽ തന്നെ തുടക്ക കളികളിൽ അവർ ശക്തരായ ഒരു ടീമല്ല. അക്കാര്യം ഡൽഹി ക്യാപിറ്റൽസ് ടീം മറക്കരുത്.”ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി.
“ഇനിയുള്ള സീസണിൽ ഡൽഹിയുടെ ബാറ്റിങ് ലൈനപ്പിൽ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവർ ഇല്ല. ഒരിക്കലും അവർക്ക് പകരം താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ഡൽഹിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ താരങ്ങളുടെ അഭാവവും കൂടി ആകുമ്പോൾ പ്രശ്നങ്ങളാണ്. വിദേശ താരങ്ങൾക്ക് പകരം യാഷ് ദൂൽ,മന്ദീപ് സിംഗ് എല്ലാമാണ് ഡൽഹിക്ക് മുൻപിലെ ഓപ്ഷനുകൾ “ആകാശ് ചോപ്ര പറഞ്ഞു.