ഐപിൽ പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി ക്രിക്കറ്റ് ലോകത്ത് നിന്നും കയ്യടികൾ സ്വന്തമാക്കുകയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീം. ആറ് ജയങ്ങൾ അടക്കം 12 പോയിന്റുകൾ നേടിയ ടീം ഇതിനകം തന്നെ പ്ലേഓഫ് യോഗ്യതക്ക് അരികിലേക്ക് എത്തി കഴിഞ്ഞു.കൂടാതെ പോയിന്റ് ടേബിളിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഹാർദിക്ക് പാണ്ട്യയും സംഘവും ഒന്നാം സ്ഥാനത്താണ്.
ഇന്നലെ അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ കൊൽക്കത്ത ടീമിനെയാണ് അവർ തോൽപ്പിച്ചത്. ഒരിക്കൽ കൂടി മിന്നും പ്രകടനം കാഴ്ചവെച്ച ബൗളിംഗ് നിര ടീമിന് വിജയം സമ്മാനിച്ചപ്പോൾ ശ്രദ്ധേയമായി മാറിയത് ക്യാപ്റ്റൻ ഇന്നിങ്സ് തന്നെയാണ്.വെറും 49 പന്തുകളിൽ നിന്നും നാല് ഫോറും രണ്ട് സിക്സ് അടക്കം 67 റൺസ് അടിച്ച താരം ഈ ഐപിൽ സീസണിലെ തുടർച്ചയായ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണ് നേടിയത്.
മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ താരം ഈ മികച്ച സ്ഥിരതയാർന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ കുപ്പായത്തിൽ വൈകാതെ എത്തുമെന്നാണ് മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം അഭിപ്രായം. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നയം തുറന്ന് പറയുകയാണ് ഹാർദിക്ക് പാണ്ട്യ തന്നെ. ടീം ഇന്ത്യയിലേക്ക് വീണ്ടും കളിക്കുക തന്റെ പ്ലാനിൽ നിലവിൽ ഇല്ലെന്ന് പറയുന്ന ഹാർദിക്ക് ഐപിഎല്ലിൽ മാത്രമാണ് തന്റെ ഇപ്പോഴത്തെ എല്ലാം ആലോചനകൾ എന്നും വിശദമാക്കി. സീസണിൽ കളിച്ച 6 കളികളിൽ നിന്നും 295 റൺസാണ് ഹാർദിക്ക് പാണ്ട്യയുടെ സമ്പാദ്യം.
“ഈ നിമിഷം ഞാൻ തിരിച്ചുവരവ്, അത്തരം കാര്യങ്ങളെ കുറിച്ചൊന്നും തന്നെ ഒരുവേള ആലോചിക്കുന്നില്ല.ഞാൻ ഇപ്പോൾ ഐപിൽ കളിക്കുകയാണ്. അതിലാണ് എന്റെ എല്ലാ ശ്രദ്ധയും.ഏത് ടീമിനായിട്ടാണോ ഞാൻ കളിക്കുന്നത് അവർക്കായി മികച്ച പ്രകടനം പുറത്തെടുക്കുക അതാണ് എന്റെ ഒരേ ഒരു ലക്ഷ്യം. ഭാവിയിലുള്ള കാര്യങ്ങൾ ഒന്നും തന്നെ എന്റെ കയ്യിൽ അല്ല. ഞാൻ അതിന് കുറിച്ച് ആലോചിക്കുന്നില്ല ഇപ്പോൾ “ഹാർദിക്ക് പാണ്ട്യ മത്സരശേഷം വാചാലനായി.