എക്കാലവും സ്ഥിരതയാർന്ന ബാറ്റിങ് മികവിന്റെ പര്യായമാണ് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ. ഈ മികവ് ഐപിഎല്ലിൽ ഒരിക്കൽ കൂടി ആവർത്തിക്കുന്ന രാഹുൽ ലക്ക്നൗ ടീമിന്റെ വിശ്വസ്തനായ താരം കൂടിയാണ്. ലക്ക്നൗ ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ക്യാപ്റ്റൻ രാഹുൽ ഈ ഐപിൽ സീസണിൽ ഇതുവരെ നേടിയത് 265 റൺസ്.
ഇന്നലെ ബാംഗ്ലൂർ എതിരായ കളിയിൽ 30 റൺസ് അടിച്ച രാഹുൽ ഒരുവേള ലക്ക്നൗവിനായി ജയം നേടുമെന്ന് കരുതിയെങ്കിലും വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകി രാഹുൽ മടങ്ങി. അതേസമയം ടി :20 ക്രിക്കറ്റിലെ അപൂർവ്വമായ ഒരു റെക്കോർഡിന് അവകാശിയായിരിക്കുക ആണ് രാഹുൽ. ടി:20 ക്രിക്കറ്റിൽ ഈ അപൂർവ്വ നേട്ടത്തിന് രാഹുലിനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഇന്നലത്തെ കളിയിൽ 24 ബോളിൽ നിന്നും 30 റൺസ് നേടിയ രാഹുൽ ടി :20 ക്രിക്കറ്റിൽ 6000 റൺസ് നേട്ടത്തിലേക്ക് എത്തി. അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലേയും ഐപിഎല്ലിലെയും ആകെ റൺസടക്കമാണ് രാഹുലിന്‍റെ ഈ നേട്ടം. ഇതോടെ അതിവേഗം 6000 ടി :20 റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി രാഹുൽ മാറി.വെറും 179 ഇന്നിംഗ്സിൽ നിന്നും 6000 ടി :20 റൺസ് സ്വന്തമാക്കിയ രാഹുൽ ഈ നേട്ടത്തിൽ പിന്നിലാക്കിയത് സാക്ഷാൽ വിരാട് കൊഹ്‌ലിയേയാണ്. 138.18 സ്ട്രൈക്ക് റേറ്റിലാണ് രാഹുൽ 6000 റൺസ് നേട്ടം പിന്നിട്ടത്.184 ഇന്നിങ്സിൽ നിന്നും 6000 ടി :20 റൺസ് അടിച്ചെടുത്ത വിരാട് കോഹ്ലിയുടെ റെക്കോർഡാണ് രാഹുൽ മറികടന്നത്.
അതിവേഗം ടി :20 ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്ലിയെ പിന്തള്ളി രാഹുൽ ഒന്നാമത് എത്തിയപ്പോൾ ശിഖർ ധവാൻ (213), സുരേഷ് റൈന (217 ), രോഹിത് ശർമ്മ (218 ) എന്നിവരാണ് ഈ പട്ടികയിൽ ടോപ് അഞ്ചിൽ സ്ഥാനം നേടിയവർ.അതേസമയം നിലവിൽ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ റൺസ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് രാഹുൽ. വിരാട് കോഹ്ലി (3296 റൺസ് ), രോഹിത് ശർമ്മ (3313 റൺസ് )എന്നിവരാണ് രാഹുലിന് മുൻപിലുള്ളവർ.