ഒരു സിനിമ കഥയെക്കാൾ വലിയ ട്വിസ്റ്റുകളാണ് ശശാങ്ക് സിംഗിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 ഐപിഎല്ലിന്റെ ലേലത്തിൽ വലിയ വിവാദമായ ഒന്നാണ് ശശാങ്ക് സിംഗിന്റെ തിരഞ്ഞെടുപ്പ്. ലേലത്തിൽ ശശാങ്ക് സിംഗിന്റെ പേര് വിളിക്കുകയും, അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് പഞ്ചാബ് ടീം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് പഞ്ചാബ് ഫ്രാഞ്ചൈസി അല്പം നിരാശയിലായത്. തങ്ങൾ ഉദ്ദേശിച്ച ശശാങ്ക് ഇതല്ല എന്ന് പഞ്ചാബ് അറിയിക്കുകയുണ്ടായി. ശേഷം ഇതിൽ ഒരു വ്യക്തത വരുത്താനും പഞ്ചാബിന് സാധിച്ചു. പക്ഷേ അന്ന് അബദ്ധത്തിൽ സ്വന്തമാക്കിയ ശശാങ്ക് സിംഗിനെ, മറ്റാരെക്കാളും മുകളിൽ നിലനിർത്തിയിരിക്കുകയാണ് പഞ്ചാബ് ഇപ്പോൾ.
2024 ഐപിഎല്ലിൽ ചെറിയ പിഴവുമൂലം ടീമിലേക്ക് എത്തിയ ശശാങ്ക് സിംഗ് അങ്ങേയറ്റം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പഞ്ചാബിനായി കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. 32കാരനായ ശശാങ്ക് സീസണിൽ നേടിയത് 354 റൺസാണ്. 44 എന്ന ഉയർന്ന ശരാശരിയിലും 160 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലുമാണ് പഞ്ചാബിനായി ശശാങ്ക് നിലയുറച്ചത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പഞ്ചാബ് ശശാങ്കിനെ നിലനിർത്തിയിരിക്കുന്നത്. കേവലം 2 താരങ്ങളെ മാത്രമാണ് ഇത്തവണ പഞ്ചാബ് നിലനിർത്തിയത്.
ഇതിൽ അൺക്യാപ്ഡ് പട്ടികയിൽ തന്നെയാണ് ശശാങ്കിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ സാധാരണ അൺക്യാപ്ട് താരങ്ങൾക്ക് ലഭിക്കുന്ന 4 കോടി രൂപയേക്കാൾ ഒന്നരക്കോടി രൂപ കൂടുതൽ ശശാങ്കിന് നൽകാൻ പഞ്ചാബ് തയ്യാറായി. ഇതിന് പ്രധാന കാരണമായത് കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം തന്നെയാണ്. ശശാങ്കിനെ കൂടാതെ മറ്റൊരു യുവതാരമായ പ്രഭസിമ്രാൻ സിംഗിനെയാണ് പഞ്ചാബ് ഇത്തവണ നിലനിർത്തിയിരിക്കുന്നത്. എന്നാൽ തങ്ങളുടെ വമ്പൻ താരങ്ങളായ ലിയാം ലിവിങ്സ്റ്റൺ, അർഷദീപ് സിംഗ്, റബാഡ, സാം കരൻ എന്നിവരെയൊക്കെയും പഞ്ചാബ് ഉപേക്ഷിക്കുകയുണ്ടായി.
പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വലിയൊരു ദൗത്യം തന്നെയാണ് പഞ്ചാബിന് മുൻപിലുള്ളത്. നിലവിൽ 110.5 കോടി രൂപയാണ് പഞ്ചാബിന് അവശേഷിക്കുന്നത്. ഈ വമ്പൻ തുകയ്ക്ക് ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് പഞ്ചാബിന് മുൻപിലുള്ള ദൗത്യം. കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച ടീമിനെ അണിനിരത്താൻ സാധിച്ചെങ്കിലും കൃത്യമായി ബാലൻസ് ഉണ്ടാക്കുന്നതിൽ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഈ സീസണിൽ കൃത്യമായി തുക ചിലവഴിച്ചാൽ വമ്പൻ ടീമായി പഞ്ചാബിന് മാറാൻ സാധിക്കും.