എൽ ക്ലാസിക്കോയിൽ ചെന്നൈയ്ക്ക് വിജയം.മുംബൈക്കായി തിളങ്ങി മലയാളി താരം.

മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോ മത്സരത്തിൽ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശഭരിതമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഇരു ടീമിലെയും സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ മത്സരം ആവേശം നിറഞ്ഞതായി മാറുകയായിരുന്നു.

അർധസെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയും നായകൻ ഋതുരാജുമാണ് ചെന്നൈക്കായി ബാറ്റിംഗിൽ തിളങ്ങിയത് ബോളിങ്ങിൽ 4 വിക്കറ്റുകളുമായി നൂർ അഹ്മദ് മികച്ച പ്രകടനം കാഴ്ചവച്ചു.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ഖലീൽ അഹമ്മദ് നൽകിയത്. തുടക്കത്തിൽ തന്നെ അപകടകാരിയായ രോഹിത് ശർമയെ(0) മടക്കാൻ ഖലിലിന് സാധിച്ചു. പിന്നാലെ റിക്കിൽട്ടനെയും(13) ഖലീൽ മടക്കി. ശേഷം ചെന്നൈയുടെ സ്പിന്നർമാർ കളത്തിൽ എത്തിയതോടെ മുംബൈ പതറുകയായിരുന്നു. ക്രീസലുറച്ച സൂര്യകുമാർ യാദവിനെയും(29) തിലക് വർമയേയും(31) ചെറിയ ഇടവേളയിൽ തന്നെ പുറത്താക്കാൻ നൂർ അഹമ്മദിന് സാധിച്ചു. അശ്വിനും ഒപ്പം ചേർന്നതോടെ മധ്യ ഓവറുകളിൽ ചെന്നൈ മത്സരം പിടിച്ചെടുത്തു.

പിന്നീട് അവസാന ഓവറുകളിൽ ദീപക് ചാഹർ മാത്രമാണ് മുംബൈയ്ക്കായി അല്പമെങ്കിലും പിടിച്ചുനിന്നത്. ചാഹർ 15 പന്തുകളിൽ 28 റൺസ് നേടി തരക്കേടില്ലാത്ത ഫിനിഷ് മുംബൈയ്ക്ക് നൽകി. ഇങ്ങനെയാണ് മുംബൈ 155 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. മറുവശത്ത് ചെന്നൈയ്ക്കായി തകർപ്പൻ ബോളിംഗ് പ്രകടനമാണ് നൂർ അഹമ്മദും ഖലീൽ അഹമ്മദും കാഴ്ചവച്ചത്. നൂർ അഹമ്മദ് 4 വിക്കറ്റുകളും ഖലീൽ 3 വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് ഓപ്പണർ ത്രിപാതിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രചിൻ രവീന്ദ്ര ക്രീസിൽ ഉറയ്ക്കുകയാണ് ചെയ്തത്.

ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ നായകൻ ഋതുരാജ് ഗെയ്ക്വാഡും വെടിക്കെട്ട് തീർത്തതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെ വന്നു. കൃത്യമായി മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമണം അഴിച്ചുവിടാൻ ഋതുരാജിന് സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 53 റൺസ് ആണ് ഋതുരാജ് സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു

എന്നാൽ നിർണായ സമയത്ത് ഋതുരാജിനെ പുറത്താക്കി കേരള താരം വിഗ്നേഷ് പുത്തൂർ മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവരുകയായിരുന്നു. ചെറിയ ഇടവേളയിൽ ശിവം ദുബയെയും ദീപക് ഹൂഡയേയും പുറത്താക്കാൻ വിഗ്നേഷിന് സാധിച്ചു. പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് രചിൻ രവീന്ദ്ര ചെന്നൈയുടെ രക്ഷകനായി മാറുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർധ സെഞ്ച്വറിയുമായി(65*) ചെന്നൈയെ വിജയത്തിലെത്തിക്കാൻ രവീന്ദ്രയ്ക്ക് സാധിച്ചു.

Previous articleകേരളത്തിന്റെ അഭിമാനമായി വിഗ്നേഷ് പുത്തൂർ. അരങ്ങേറ്റത്തില്‍ 3 വിക്കറ്റുകൾ.