ജഡേജയെയും പാതിരാനയെയും അടക്കം 5 താരങ്ങളെ നിലനിർത്താന്‍ ചെന്നൈ. ചില വമ്പന്മാർ പുറത്തേക്ക്.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റു നോക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 2008 മുതൽ ചെന്നൈ ടീമിന്റെ നായകനായി കളിച്ച മഹേന്ദ്രസിംഗ് ധോണി അടുത്ത സീസണിൽ ടീമിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിയെ നിലനിർത്താനായി പല തന്ത്രങ്ങളും നിലവിൽ ചെന്നൈ മാനേജ്മെന്റ് പയറ്റുകയാണ്.

എത്ര കുറഞ്ഞ തുകയ്ക്ക് ധോണിയെ നിലനിർത്താൻ സാധിക്കും എന്നതാണ് ചെന്നൈയ്ക്ക് മുൻപിലുള്ള വലിയ ആശങ്ക. ഇതിനിടെ ചെന്നൈ നിലനിർത്താൻ പോകുന്ന 5 താരങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റെവ് സ്പോർട്സാണ് ചെന്നൈ നിലനിർത്താൻ നിശ്ചയിച്ചിരിക്കുന്ന 5 താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

അടുത്ത മെഗാ ലേലത്തിന് മുൻപായി 5 താരങ്ങളെ ചെന്നൈ നിലനിർത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓരോ ഫ്രാഞ്ചൈസിക്കും 6 താരങ്ങളെ നിലനിർത്താൻ സാധിക്കുമെന്ന നിയമം ബിസിസിഐ കൊണ്ടുവരാൻ സാധ്യതയുണ്ട് എന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതേ സംബന്ധിച്ച് ഔദ്യോഗികപരമായ വിവരങ്ങൾ ഇതുവരെയും വ്യക്തമല്ല. പ്രധാനമായും 2025 ഐപിഎൽ സീസണിൽ ചെന്നൈ നിലനിർത്താൻ ഉദ്ദേശിക്കുന്നത് നായകൻ ഋതുരാജ് ഗെയ്ക്വാഡിനെയാണ്. ഒപ്പം ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരെ നിലനിർത്താനും ചെന്നൈ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി ബോളിംഗിൽ വിസ്മയം തീർത്ത ശ്രീലങ്കയുടെ യുവ പേസർ മതീഷാ പതിരാനയെയും തങ്ങളുടെ ടീമിൽ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ മാനേജ്മെന്റ്. ഒപ്പം എക്കാലത്തെയും ചെന്നൈയുടെ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയെയും സീസണിൽ ചെന്നൈ നിലനിർത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നിരുന്നാലും ദീപക് ചാഹർ, ഡെവൻ കോൺവെ, ഡാരിൽ മിച്ചൽ, മഹേഷ് തീക്ഷണാ തുടങ്ങിയ വമ്പൻ താരങ്ങളെ ചെന്നൈ പരിഗണിക്കില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലിനോട് വിട പറയും എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ധോണിയെ നിലനിർത്തുന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ റിസ്ക്കാണ്. ചെറിയ തുകയ്ക്ക് ധോണിയെ നിലനിർത്താൻ സാധിച്ചാൽ മാത്രമേ അത് ചെന്നൈയ്ക്ക് ഗുണകരമായി മാറു. അല്ലാത്തപക്ഷം തങ്ങളുടെ ഒരു സ്റ്റാർ താരത്തെ ചെന്നൈയ്ക്ക് ഉപേക്ഷിക്കേണ്ടിവരും. മുമ്പ് മഹേന്ദ്ര സിംഗ് ധോണിയെ ഒരു അൺക്യാപ്ഡ് താരമായി ടീമിൽ ഉൾപ്പെടുത്താനുള്ള തന്ത്രങ്ങൾ ചെന്നൈ മാനേജ്മെന്റ് നെയ്തിരുന്നു. എന്നാൽ ഈ തന്ത്രം പരാജയപ്പെടുകയാണ് ഉണ്ടായത്.

Previous article“അവനോട് എനിക്ക് അസൂയയുണ്ട്. കളിക്കളത്തിൽ അവൻ റോക്കറ്റ് ആണ്”, ഇന്ത്യൻ താരത്തെ പറ്റി അശ്വിൻ.
Next article“ഇനി ഇന്ത്യ അബദ്ധം കാട്ടരുത്, രണ്ടാം ടെസ്റ്റിൽ അവനെ കളിപ്പിക്കണം”, മഞ്ജരേക്കർ