വീണ്ടും ബാംഗ്ലൂരിന്റെ രക്ഷകനായി വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ് തന്നെയാണ് കാണാൻ സാധിച്ചത്. ബാംഗ്ലൂരിന്റെ പഞ്ചാബിനെതിരായ മത്സരത്തിലും കോഹ്ലി രക്ഷകനായി പ്രത്യക്ഷപ്പെട്ടിരുന്നു.
മത്സരത്തിൽ 49 പന്തുകൾ നേരിട്ട് കോഹ്ലി 77 റൺസും നേടുകയുണ്ടായി. ശേഷം കൊൽക്കത്തയ്ക്കെതിരെ ഒരു വലിയ പോരാട്ടം തന്നെയാണ് കോഹ്ലി നയിച്ചത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും കോഹ്ലി ബാംഗ്ലൂരിന്റെ രക്ഷകനായി എത്തുകയായിരുന്നു. മത്സരത്തിൽ 58 പന്തുകൾ നേരിട്ട കോഹ്ലി 83 റൺസ് ആണ് നേടിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ അത്ര മികച്ച തുടക്കമല്ല ബാംഗ്ലൂരിന് ലഭിച്ചത്. നായകൻ ഡുപ്ലസിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. എന്നാൽ ഒരുവശത്ത് കോഹ്ലി ക്രീസിലുറച്ചത് ബാംഗ്ലൂരിന് വലിയ മേൽകൈ തന്നെ നൽകി.
മൂന്നാം വിക്കറ്റിൽ ക്യാമറോൺ ഗ്രീനുമൊപ്പം ചേർന്ന് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും കോഹ്ലിക്ക് സാധിച്ചു. എന്നാൽ മധ്യ ഓവറുകളിൽ കൊൽക്കത്തയുടെ പേസർമാരായ റസൽ അടക്കമുള്ളവർ സ്ലോ ബോളുകൾ നന്നായി വിനിയോഗിച്ചതോടെ ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര പതറുന്നതാണ് കാണാൻ സാധിച്ചത്.
ഈ സമയത്തും പക്വതയോടെ ബാറ്റ് ചെയ്യാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മത്സരത്തിൽ 36 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി സ്വന്മാക്കിയത്. ഇതിന് ശേഷവും തന്റെ വിക്കറ്റ് വലിച്ചെറിയാൻ കോഹ്ലി തയ്യാറായില്ല. അവസാന ഓവർ വരെ പോരാട്ടം നയിച്ച് മികച്ച ഒരു സ്കോറിൽ ടീമിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഹ്ലി ബാറ്റ് വീശിയത്.
മത്സരത്തിൽ 58 പന്തുകൾ നേരിട്ട കോഹ്ലി 83 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും ബാംഗ്ലൂരിനെ തരക്കേടില്ലാത്ത സ്കോറിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.
കോഹ്ലിയെ കൂടാതെ ക്യാമറോൺ ഗ്രീൻ 21 പന്തുകളിൽ 33 റൺസും ഗ്ലെൻ മാക്സ്വെൽ 19 പന്തുകൾ 28 റൺസ് സ്വന്തമാക്കി മധ്യ ഓവറുകളിൽ തിളങ്ങി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് 8 പന്തുകളിൽ 20 റൺസുമായി മികവ് പുലർത്തി. നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ബാംഗ്ലൂർ മത്സരത്തിൽ നേടിയത്.
3 മത്സരങ്ങളില്‍ നിന്നും 181 റണ്‍സ് നേടി വിരാട് കോഹ്ലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. ക്ലാസനെ (143) മറികടന്നാണ് വിരാട് കോഹ്ലിയുടെ ഈ നേട്ടം.