വീണ്ടും നിർണായക സമയത്ത് സഞ്ജു പുറത്ത്. 11 പന്തുകളിൽ നേടിയത് 10 റൺസ്.

ഹൈദരാബാദിനെതിരായ ക്വാളിഫയർ മത്സരത്തിലും മോശം ബാറ്റിംഗ് പ്രകടനവുമായി സഞ്ജു സാംസൺ. മത്സരത്തിന്റെ നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു സാംസൺ 11 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടിയത്. സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഒരു ബൗണ്ടറി മാത്രമാണ് ഉൾപ്പെട്ടത്. മുൻപ് എലിമിനേറ്റർ മത്സരത്തിലും മോശം പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്.

ശേഷമാണ് ക്വാളിഫയർ രണ്ടിലും സഞ്ജു ബാറ്റിംഗിൽ പൂർണ്ണ പരാജയമായി മാറിയത്. മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല രാജസ്ഥാന് ലഭിച്ചത്. ഓപ്പണർ കാഡ്മോർ നന്നായി പതറുകയുണ്ടായി. 16 പന്തുകളിൽ 10 നേടിയ കാഡ്മോർ പുറത്തായ ശേഷമായിരുന്നു സഞ്ജു ക്രീസിലെത്തിയത്.

നേരിട്ട അഞ്ചാം പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. ഇതോടുകൂടി മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കുമെന്ന തോന്നൽ ഉണ്ടായി. പിന്നീട് വളരെ പക്വതയോടെ സിംഗിളുകൾ നേടി മുന്നേറുന്ന സഞ്ജുവിനെ ആണ് കാണാൻ സാധിച്ചത്.

പക്ഷേ മത്സരത്തിന്റെ ഒമ്പതാം ഓവറിൽ അഭിഷേക് ശർമയ്ക്കെതിരെ ഒരു വമ്പൻ ശ്രമിക്കവേ സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്m ലോങ് ഓണിൽ മാക്രത്തിന് ക്യാച്ച് നൽകിയായിരുന്നു സഞ്ജു പുറത്തായത്. രാജസ്ഥാൻ ഇന്നിങ്സിലെ നിർണായകമായ സമയത്താണ് നായകൻ സഞ്ജുവിന്റെ പുറത്താവൽ. ഇത് രാജസ്ഥാനെ വലിയ രീതിയിൽ മത്സരത്തിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ആക്രമിച്ചുതന്നെയാണ് ഹൈദരാബാദ് ആരംഭിച്ചത്. എന്നാൽ വലിയ താമസമില്ലാതെ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാൻ ബോൾട്ടിന് സാധിച്ചു. ശേഷം ത്രിപാതി രാജസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

15 പന്തുകളിൽ 37 റൺസാണ് ത്രിപാതി മത്സരത്തിൽ നേടിയത്. പക്ഷേ പവർപ്ലെയിൽ തന്നെ ത്രിപാതിയെ പുറത്താക്കി രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ബോൾട്ടിന് സാധിച്ചു. ശേഷം ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ടാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

മധ്യ ഓവറുകളിൽ കൃത്യമായി കൂടാരം തീർക്കാൻ ക്ലാസന് സാധിച്ചു. മത്സരത്തിൽ 34 പന്തുകൾ നേരിട്ട ക്ലാസൻ 50 റൺസാണ് നേടിയത്. 4 സിക്സറുകൾ ക്ലാസന്റെ ഇന്നിംഗ്സ് ഉൾപ്പെട്ടു. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരാരും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നത് ഹൈദരാബാദിലെ ബാധിക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 175 റൺസാണ് ഹൈദരാബാദ് നേടിയത്.

മറുവശത്ത് രാജസ്ഥാനായി പേസ് ബോളർമാർ വമ്പൻ പ്രകടനമാണ് നടത്തിയത്. നിശ്ചിത 4 ഓവറുകളിൽ 27 റൺസ് മാത്രം വിട്ടു നൽകിയാണ് ആവേഷ് ഖാൻ മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. 45 റൺസ് വിട്ടുനൽകി ബോൾട്ടും 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. സന്ദീപ് ശർമയും 2 വിക്കറ്റുകൾ സ്വന്തമാക്കിയതോടെയാണ് മത്സരത്തിൽ രാജസ്ഥാൻ തിരിച്ചുവന്നത്.

Previous articleഓസ്ട്രേലിയയ്ക്ക് വേണ്ടി മാത്രം കളിക്കും, ഐപിഎല്ലിൽ അവന് ലക്ഷ്യം പണം മാത്രം. മാക്സ്വെല്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം.
Next articleമധ്യ ഓവറുകളിൽ ഹൈദരാബാദിനെ പിടിച്ചുകെട്ടിയ സഞ്ജുവിന്റെ തന്ത്രം. പൂട്ടിയത് മറ്റൊരു പ്ലാനിലൂടെ.