2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരത്തെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ടീം. രാജസ്ഥാന്റെ കഴിഞ്ഞ സീസണുകളിലെ പ്രധാന സ്പിന്നറായിരുന്ന ഓസ്ട്രേലിയൻ താരം ആദം സാമ്പയ്ക്ക് പകരമാണ് രഞ്ജി ട്രോഫിയിലെ മുംബൈ ടീമിന്റെ ഹീറോയെ രാജസ്ഥാൻ സ്വന്തമാക്കിയത്.
രഞ്ജി ട്രോഫിയിൽ മുംബൈക്കായി വളരെ മികച്ച പ്രകടനം പുറത്തെടുത്ത 25 വയസ്സുകാരനായ ഓൾറൗണ്ടർ തനുഷ് കൊട്ടിയനെയാണ് രാജസ്ഥാൻ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ആദം സാമ്പ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയത്. ശേഷമാണ് രാജസ്ഥാന്റെ ഈ നീക്കം.
അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് തനുഷ് കോട്ടിയനെ സഞ്ജുവിന്റെ ടീം തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ വളരെ മികച്ച പ്രകടനങ്ങളാണ് തനുഷ് കോട്ടിയൻ പുറത്തെടുത്തിട്ടുള്ളത്. പല മത്സരങ്ങളിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാൻ കൊട്ടിയന് സാധിച്ചിരുന്നു.
മുംബൈ തങ്ങളുടെ 42ആം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയപ്പോൾ വളരെയധികം ശ്രദ്ധയാകർഷിക്കപ്പെട്ട താരമാണ് തനുഷ്. ഈ രഞ്ജി ട്രോഫി സീസണിൽ 10 മത്സരങ്ങൾ കളിച്ച തനുഷ് 29 വിക്കറ്റുകൾ സ്വന്തമാക്കി. 16.96 എന്നതാണ് തനുഷിന്റെ ബോളിംഗ് ശരാശരി.
ബാറ്റിങ്ങിലും മികവു പുലർത്താൻ തനുഷ് കൊട്ടിയന് സാധിച്ചിരുന്നു. 10 കളികളിൽ നിന്ന് 502 റൺസാണ് തനുഷ് നേടിയത്. 41 എന്ന ഉയർന്ന ശരാശരിയിലാണ് തനുഷ് രഞ്ജിയിൽ അടിച്ചു തകർത്തത്. ബറോഡയ്ക്ക് എതിരായ മത്സരത്തിൽ 120 റൺസ് നേടി പുറത്താവാതെ നിന്ന തനുഷ് ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ശേഷം മുംബൈക്കായി സെമിഫൈനൽ മത്സരത്തിൽ 81 റൺസ് നേടാനും തനുഷിന് സാധിച്ചു. മുംബൈയ്ക്കായി ഇതുവരെ 23 ട്വന്റി20 മത്സരങ്ങളും, 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 19 ലിസ്റ്റ് എ മത്സരങ്ങളുമാണ് കൊട്ടിയൻ കളിച്ചിട്ടുള്ളത്.
എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ഓപ്ഷനുകളാണ് തനുഷ് കൊട്ടിയൻ നൽകുന്നത്. ഒരു ഇന്ത്യൻ താരമായതിനാൽ തന്നെ സഞ്ജു സാംസണ് വളരെ മികച്ച രീതിയിൽ തനുഷിനെ ടീമിൽ ഉപയോഗിക്കാൻ സാധിക്കും. മാർച്ച് 24ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ഈ ഐപിഎല്ലിലെ ആദ്യ മത്സരം നടക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ വളരെ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന്റെ ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ തെറ്റുകൾ തിരുത്തി കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവും കൂട്ടരും ഇറങ്ങുക.