ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 2024 ഐപിഎല്ലിന്റെ പ്ലെയോഫിൽ കടന്നിട്ടുണ്ട്. 27 റൺസിന്റെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ആദ്യപകുതിയിൽ വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബാംഗ്ലൂരിന്റെ ഉഗ്രൻ തിരിച്ചുവരമാണ് പിന്നീട് കാണാൻ സാധിച്ചത്. മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പരാജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബാംഗ്ലൂർ ബാറ്റിംഗ് ആരംഭിച്ചത്. ബാംഗ്ലൂരിനായി ആദ്യ ഓവറുകളിൽ തന്നെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും വെടിക്കെട്ട് ആരംഭിക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. നായകൻ ഡുപ്ലസി 39 പന്തുകളിൽ 54 റൺസാണ് മത്സരത്തിൽ നേടിയത്. കോഹ്ലി 29 പന്തുകളിൽ 47 റൺസ് നേടി. ശേഷം മൂന്നാമനായി എത്തിയ രജത് പട്ടിദാരും അടിച്ചു തകർത്തതോടെ ബാംഗ്ലൂരിന്റെ സ്കോർ ഉയരുകയായിരുന്നു. 23 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 41 റൺസാണ് പട്ടിദാർ നേടിയത്.
അവസാന ഓവറുകളിൽ 17 പന്തുകളിൽ 38 റൺസ് നേടിയ ഗ്രീനും, 6 പന്തുകളിൽ 14 റൺസ് നേടിയ കാർത്തിക്കും, 5 പന്തുകളിൽ 16 റൺസ് നേടിയ മാക്സ്വെല്ലും ബാംഗ്ലൂരിനായി വെടിക്കെട്ട് തീർത്തു. ഇതോടെ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 218 എന്ന സ്കോറിൽ എത്തുകയായിരുന്നു. എന്നാൽ ചെന്നൈയ്ക്ക് പ്ലേഓഫിലെത്താൻ 201 റൺസായിരുന്നു മത്സരത്തിൽ വേണ്ടിയിരുന്നത്. ഇത് മുന്നിൽകണ്ട് ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ നായകൻ ഋതുരാജിന്റെ(0) വിക്കറ്റ് നഷ്ടമായി. ശേഷം ഡാരിൽ മിച്ചലും(4) കൂടാരം കയറിയതോടെ ചെന്നൈ തകർന്നു.
പക്ഷേ പിന്നീട് രചിൻ രവീന്ദ്രയും രഹാനെയും ചേർന്ന് ചെന്നൈക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 66 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. രവീന്ദ്ര 37 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 61 റൺസാണ് നേടിയത്. രഹാനെ 22 പന്തുകളിൽ 33 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരാരും തിളങ്ങാതെ പോയത് ചെന്നൈയെ മത്സരത്തിൽ ബാധിച്ചു. ചെന്നൈ മത്സരത്തിലെ വിജയത്തെ പറ്റിയുള്ള ചിന്ത ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പ്ലേയോഫിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ ബാറ്റർമാർ പൊരുതിയത്.
അവസാന 3 ഓവറുകളിൽ 50 റൺസായിരുന്നു ചെന്നൈക്ക് പ്ലേയോഫിലെത്താൻ വേണ്ടിയിരുന്നത്. ധോണിയും ജഡേജയുമായിരുന്നു ചെന്നൈയുടെ അവസാന പ്രതീക്ഷ. സിറാജ് എറിഞ്ഞ പതിനെട്ടാം ഓവറിൽ 15 റൺസാണ് ധോണിയും ജഡേജയും സ്വന്തമാക്കിയത്. ഇതോടെ അവസാന രണ്ട് ഓവറുകളിൽ പ്ലേയോഫിലെത്താൻ ചെന്നൈക്ക് ആവശ്യം 35 റൺസായിരുന്നു. പത്തൊമ്പതാം ഓവറിൽ ജഡേജ പൂർണമായ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ ചെന്നൈയുടെ അവസാന ഓവറിലെ വിജയലക്ഷ്യം 17 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു തകർപ്പൻ സിക്സർ നേടിയാണ് ധോണി ആരംഭിച്ചത്. 110 മീറ്റർ ആയിരുന്നു സിക്സർ സഞ്ചരിച്ചത്.
എന്നാൽ തൊട്ടടുത്ത പന്തിൽ ധോണിയെ പുറത്താക്കി യാഷ് ഡയാൽ ഉഗ്രൻ തിരിച്ചുവരവ് നടത്തി. മത്സരത്തിൽ 13 പന്തുകൾ നേരിട്ട ധോണി 25 റൺസ് ആയിരുന്നു നേടിയത്. തൊട്ടടുത്ത പന്തും ഡോട്ട്ബോളായി മാറിയപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 3 പന്തുകളിൽ 11 റൺസായി. അടുത്ത പന്തിൽ ഒരു സിംഗിൾ മാത്രമാണ് ശർദൂലിന് നേടാൻ സാധിച്ചത്. ഇതോടെ ചെന്നൈ കൂടുതൽ സമ്മർദ്ദത്തിലായി. അടുത്ത പന്തുകളും ദയാൽ മികച്ച രീതിയിൽ എറിഞ്ഞതോടെ ചെന്നൈ പ്ലേഓഫിന് പുറത്താവുകയായിരുന്നു.