2024 ഐപിഎല്ലിന്റെ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാനായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ആവേഷ് ഖാനാണ് ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ ഓപ്പണർ ജയസ്വാൾ, റിയാൻ പരഗ്, ഹെറ്റ്മയർ എന്നിവർ മികവ് പുലർത്തിയപ്പോൾ രാജസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദ് സൺറൈസേഴ്സാണ് രാജസ്ഥാന്റെ എതിരാളികൾ. മറുവശത്ത് വലിയ പ്രതീക്ഷയുമായി വന്ന ബാംഗ്ലൂർ ഇത്തവണയും കിരീടം സ്വന്തമാക്കാനാവാതെ പുറത്തായിട്ടുണ്ട്.
ടോസ് നേടിയ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ബാംഗ്ലൂരിന് കോഹ്ലി നൽകിയത്. 24 പന്തുകളിൽ 33 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു. എന്നാൽ പിന്നീട് എത്തിയ ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അത് മുതലെടുക്കാൻ സാധിക്കാതെ വന്നു.
ഇതോടെ ബാംഗ്ലൂരിന് തുടർച്ചയായി വിക്കറ്റുകളും നഷ്ടമായി. ബാംഗ്ലൂരിനായി ഗ്രീൻ 21 പന്തുകളിൽ 27 റൺസും, രാജത് പട്ടിദാർ 22 പന്തുകളിൽ 34 റൺസും നേടുകയുണ്ടായി. എന്നാൽ മാക്സ്വെൽ പൂജ്യനായി മടങ്ങിയത് ബാംഗ്ലൂരിനെ ബാധിച്ചു. അവസാന ഓവറുകളിൽ 17 പന്തുകളിൽ 32 റൺസ് നേടിയ ലോംറോറും ബാംഗ്ലൂരിനായി തിളങ്ങി.
എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ ബോളർമാർ ബാംഗ്ലൂരിനെ പിടിച്ചു കെട്ടുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 172 റൺസ് മാത്രമാണ് ബാംഗ്ലൂരിന് സ്വന്തമാക്കാൻ സാധിച്ചത്. മറുവശത്ത് രാജസ്ഥാനായി ആവേഷ് ഖാൻ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്.
ആദ്യ ഓവറുകളിൽ തന്നെ ക്രീസിലുറച്ച് വെടിക്കെട്ട് തീർക്കാൻ താരത്തിന് സാധിച്ചു. 30 പന്തുകൾ നേരിട്ട ജയസ്വാൾ 8 ബൗണ്ടറികളടക്കം 45 റൺസാണ് മത്സരത്തിൽ നേടിയത്. സഞ്ജുവിന് മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ വന്നത് രാജസ്ഥാനെ ആശങ്കയിലാക്കിയിരുന്നു.
എന്നാൽ പ്രതിസന്ധി ഘട്ടത്തിലേക്ക് പോയ രാജസ്ഥാനെ റിയാൻ പരഗും ഹെറ്റ്മയറും ചേർന്ന് കൈപിടിച്ചു കയറ്റുന്നതാണ് മത്സരത്തിന്റെ അവസാന സമയത്ത് കണ്ടത്. നേരിട്ട ആദ്യ ബോൾ മുതൽ ഹെറ്റ്മയർ ബാംഗ്ലൂർ ബോളർമാരെ പഞ്ഞിക്കിട്ടു. മറുവശത്ത് പരഗ് തന്റേതായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടതോടെ രാജസ്ഥാൻ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിൽ 14 പന്തുകൾ നേരിട്ട ഹെറ്റ്മയർ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 26 റൺസാണ് നേടിയത്. പരഗ് 26 പന്തുകളിൽ 36 റൺസാണ് നേടിയത്. ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.