ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 12 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ഓവറില്‍ ബൗണ്ടറിയുമായി വരവേറ്റ മാര്‍ഷിനെ (23) പുറത്താക്കി ബര്‍ഗര്‍ ബ്രേക്ക് ത്രൂ നല്‍കി. അടുത്ത പന്തിനു ശേഷം റിക്കി ഭൂയിയേയും (0) ആ ഓവറില്‍ തന്ന സൗത്താഫ്രിക്കന്‍ താരം മടക്കി.
എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ബൗണ്ടറികളും സിക്സുകളും നേടി ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. റിഷഭ് പന്തും വാര്‍ണറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് നേടി. ആവേശ് ഖാന്‍റെ പന്തില്‍ സന്ദീപ് ശര്‍മ്മയുടെ ഒരു അത്യുഗ്രന്‍ ക്യാച്ചില്‍ വാര്‍ണറുടെ വിക്കറ്റ് നഷ്ടമായി. 34 പന്തില്‍ 5 ഫോറും 3 സിക്സുമായി 49 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. പിന്നാലെ റിഷഭ് പന്തിനെയും (28) ഡല്‍ഹിക്ക് നഷ്ടമായി.
ചഹലിന്‍റെ അടുത്ത ഓവറില്‍ പോറലിനെയും (9) നഷ്ടമായി. അവസാന 4 ഓവറില്‍ 60 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.
അശ്വിന്‍ എറിഞ്ഞ 17ാം ഓവറില്‍ 19 റണ്‍സാണ് പിറന്നത്. സന്ദീപ് ശര്‍മ്മയുടെ 19ാം ഓവറില്‍ 15 റണ്‍സ് പിറന്നപ്പോള്‍ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു.
അവസാന ഓവര്‍ എറിഞ്ഞത് ആവേശ് ഖാനായിയിരുന്നു.ആവേശ് ഖാന്‍റെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ ബൗണ്ടറി കടത്താന്‍ ഡല്‍ഹിക്ക് സാധിക്കാഞ്ഞതോടെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി.അവസാന ഓവറില്‍ 1 0 1 1 0 1 എന്നിങ്ങെനെയാണ് ആവേശ് ഖാന്‍ വിട്ടുകൊടുത്തത്. രാജസ്ഥാന്‍ റോയല്‍സിനായി ബര്‍ഗറും ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തി. 44 റണ്‍സുമായി സ്റ്റബ്സും 15 റണ്‍സുമായി അക്സറും പുറത്താകതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ആദ്യ 10 ഓവര്‍ അവസാനിച്ചപ്പോള്‍ 57 ന് 3 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. റിയാന്‍ പരാഗിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് മികച്ച സ്കോറിലെത്തിയത്.
ഡല്‍ഹി ക്യാപ്റ്റല്‍സിന്‍റെ ന്യൂബോള്‍ ആക്രമണത്തില്‍ ജയ്സ്വാള്‍ (5) ജോസ് ബട്ട്ലര്‍ (11) സഞ്ചു സാംസണ്‍ (15) എന്നിവരുടെ വിക്കറ്റ് വേഗം നഷ്ടമായി. ബാറ്റിംഗ് ഓഡറില്‍ പ്രമോഷന്‍ കിട്ടി എത്തിയ അശ്വിന്‍ (29) 3 സിക്സടിച്ച് പരാഗിന്‍റെ പ്രഷര്‍ കളഞ്ഞു.
ഇത്രയും നാള്‍ പിന്തുണച്ച രാജസ്ഥാന്‍റെ വിശ്വാസം കാത്ത നിമിഷമായിരുന്നു പിന്നീട് കണ്ടത്. ഒരു ഘട്ടത്തില്‍ 26 പന്തില്‍ 26 റണ്‍സ് എന്ന നിലിയിലായിരുന്നു പരാഗ്. അവസാന ഓവറില്‍ നോര്‍ക്കിയയെ 25 റണ്‍സിനാണ് പറത്തിയത്. 45 പന്തില്‍ 7 ഫോറും 6 സിക്സും സഹിതം 84 റണ്‍സാണ് പരാഗ് നേടിയത്. ജൂറല്‍ (12 പന്തില്‍ 20) ഹെറ്റ്മയര്‍ (7 പന്തില്‍ 14) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.