സീസണിലെ തുടര്‍ച്ചയായ രണ്ടാം ഫിഫറ്റിയോടെ റിയാന്‍ പരാഗ് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഇതോടെ സീസണില്‍ 181 റണ്‍സായി രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ താരത്തിന്. വിരാട് കോഹ്ലിക്കും 181 റണ്‍സാണെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റുള്ളതിനാല്‍ പരാഗ് ഒന്നാമത് എത്തി.
160.17 സ്ട്രൈക്ക് റേറ്റാണ് പരാഗിനുള്ളത്. മറുവശത്ത് വിരാട് കോഹ്ലിക്കാവട്ടെ 141.4 ആണ്. കഴിഞ്ഞ സീസണുകളില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ ഏറെ വിമര്‍ശനം കേട്ട താരമാണ് റിയാന്‍ പരാഗ്. 2023 സീസണില്‍ വെറും 78 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇപ്പോഴിതാ ഈ അസം താരം 3 മത്സരങ്ങളില്‍ നിന്നും ഓറഞ്ച് ക്യാപ് നേടി നില്‍ക്കുകയാണ്.
ഡൊമസ്റ്റിക്ക് സീസണിലെ ഫോമുമായി എത്തിയ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് അസം ടീമിലെ അതേ റോള്‍ നല്‍കിയപ്പോള്‍ പരാഗ് മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.
“സത്യം പറഞ്ഞാൽ, എൻ്റെ ബാറ്റിംഗിൽ പ്രത്യേകിച്ചൊന്നുമില്ല. അധികം ചെയ്യുന്നതിനുപകരം ഞാൻ അത് സിംപിളായാണ് കളിക്കുന്നത്. നേരത്തെ, എനിക്ക് റൺസ് ലഭിക്കാത്തപ്പോൾ, ഞാൻ വളരെയധികം ചിന്തിക്കുകയും വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്യുമായിരുന്നു. ഈ വർഷം, ഞാൻ സിംപിളാണ്. പന്ത് കാണുക, പന്ത് അടിക്കുക,” മത്സരശേഷം റിയാൻ പരാഗ് പറഞ്ഞു.