സീസണിലെ ഏഴാം പരാജയം നേരിട്ട് ഹർദിക്കിന്റെ മുംബൈ. പുറത്താകലിന്റെ വക്കിൽ മുംബൈ

14edebae 2482 4788 a27a 808811a767f4

മുംബൈ ഇന്ത്യൻസിനെതിരായ നിർണായക ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ലക്നൗ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ ലക്നൗവിനായി ബാറ്റിംഗിൽ തിളങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു.

ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ബോളിങ്ങിൽ ലക്നൗവിന്റെ ബോളർമാർ എല്ലാവരും മികവ് പുലർത്തുകയുണ്ടായി. ഇതോടെ നിർണായകമായ വിജയം ടീം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് എത്താൻ ലക്‌നൗ ടീമിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്. മുംബൈയുടെ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമയേയും(4) സൂര്യകുമാർ യാദവിനെയും(10) ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ ലക്നൗ ബോളർമാർക്ക് സാധിച്ചു. ശേഷമെത്തിയ തിലക് വർമയും(7) ഹർദിക് പാണ്ഡ്യയും(0) ക്രീസിലുറയ്ക്കാതെ മടങ്ങിയതോടെ മുംബൈ തകരുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലേക്ക് മുംബൈ കൂപ്പുകുത്തി വീണു.

ശേഷമാണ് ഇഷാൻ കിഷനും നേഹൽ വദേരയും ചേർന്ന് മുംബൈയെ കൈപിടിച്ചു കയറ്റാൻ ശ്രമിച്ചത്. മുംബൈയുടെ സ്കോർ നന്നായി ഉയർത്താൻ ഇരുവർക്കും സാധിച്ചു. എന്നാൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ കിഷനും വദേരയും പരാജയപ്പെടുകയായിരുന്നു.

Read Also -  2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.

കിഷൻ മത്സരത്തിൽ 36 പന്തുകളിൽ 32 റൺസ് ആണ് നേടിയത്. വദേര 41 പന്തുകളിൽ 46 റൺസ് നേടി. ശേഷം അവസാന ഓവറുകളിൽ ടീം ഡേവിഡിന്റെ വെടിക്കെട്ടും കാണാൻ സാധിച്ചു. 18 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 35 റൺസായിരുന്നു ഡേവിഡ് നേടിയത്. ഇതോടെ മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിൽ എത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിന് ഓപ്പണർ കുൽകർണിയുടെ(0) വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. എന്നാൽ നായകൻ രാഹുലും സ്റ്റോയിനിസും മുംബൈയ്ക്ക് ഭീഷണി സൃഷ്ടിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

രാഹുൽ 22 പന്തുകളിൽ 28 റൺസ് നേടിയാണ് പുറത്തായത്. രാഹുൽ പുറത്തായ ശേഷവും സ്റ്റോയിനിസ് അടിച്ചു തകർക്കുന്നതാണ് കണ്ടത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും റൺസ് കണ്ടെത്താൻ താരത്തിന് സാധിച്ചു. മത്സരത്തിൽ 45 പന്തുകൾ നേരിട്ട് 62 റൺസാണ് സ്റ്റോയിനിസ് നേടിയത്.

7 ബൗണ്ടറികളും 2 സിക്സറുകളും സ്റ്റോയിൻസിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സ്റ്റോയിനിസ് പുറത്തായ ശേഷം ലക്നൗ മത്സരത്തിന്റെ ചില ഭാഗങ്ങളിൽ പതറുകയുണ്ടായി. എന്നാൽ അവസാന ഓവറുകളിൽ കൃത്യമായി റൺസ് സ്വന്തമാക്കി വിജയത്തിലെത്താൻ ലക്നൗ ബാറ്റർമാർക്ക് സാധിച്ചു.

Scroll to Top