ലക്നൗ സൂപ്പർ ജെയന്റ്സിനെ പരാജയപ്പെടുത്തി കൊൽക്കത്ത ഐപിഎല്ലിന്റെ പ്ലേയോഫിലേക്ക്. ആവേശകരമായ മത്സരത്തിൽ 98 റൺസിന്റെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. സുനിൽ നരേന്യ്ന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയെ ഇത്ര വലിയ വിജയത്തിൽ എത്തിച്ചത്.
ബോളിങ്ങിൽ വരുൺ ചക്രവർത്തി അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ കൊൽക്കത്ത അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയുടെ ഈ സീസണിലെ എട്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും ടീമിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്ക് ഒരു വമ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാരായ നരെയനും സോൾട്ടും നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ തങ്ങളുടെ ബാറ്റിംഗ് കരുത്ത് ലക്നൗവിനെ അറിയിക്കാൻ ഇരുവർക്കും സാധിച്ചു.
മത്സരത്തിൽ 14 പന്തുകളില്‍ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 32 റൺസാണ് സോൾട്ട് നേടിയത്. ആദ്യ വിക്കറ്റിൽ സോൾട്ട് നരേയ്നൊപ്പം ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. സോൾട്ട് പുറത്തായതിന് ശേഷവും നരെയൻ തന്റെ ആക്രമണം മത്സരത്തിൽ അഴിച്ചു വിട്ടു.
ലക്നൗവിന്റെ എല്ലാം ബോളർമാരെയും കൃത്യമായ രീതിയിൽ പഞ്ഞിക്കിടാൻ നരെയ്ന് സാധിച്ചിരുന്നു. 39 പന്തുകൾ നേരിട്ട നരെയൻ മത്സരത്തിൽ 81 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 7 സിക്സറുകളും നരേയ്ന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷം അവസാന ഓവറുകളിൽ കൊൽക്കത്തയ്ക്കായി വെടിക്കെട്ട് തീർത്തത് നായകൻ ശ്രേയസ് അയ്യരും രമൻദീപ് സിംഗുമായിരുന്നു. ശ്രേയസ് അയ്യർ 15 പന്തുകളിൽ 23 റൺസ് നേടിയപ്പോൾ, രമൻദീപ് അത്ഭുതപ്പെടുത്തുകയുണ്ടായി.
കേവലം 6 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുമടക്കം 25 റൺസാണ് താരം നേടിയത്. ഇതോടെ കൊൽക്കത്ത 235 എന്ന ശക്തമായ സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിന് മത്സരത്തിന്റെ ഒരു പോയിന്റിൽ പോലും കൊൽക്കത്തയുടെ അടുത്ത് എത്താൻ സാധിച്ചില്ല.
ലക്നൗവിനായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് സ്റ്റോയിനിസ് മാത്രമാണ്. 21 പന്തുകളിൽ 36 റൺസ് നേടാൻ താരത്തിന് സാധിച്ചു. എന്നാൽ മറ്റു ബാറ്റർമാരൊക്കെയും വലിയ പരാജയമായി മാറിയതോടെ മത്സരത്തിൽ ടീം തോൽവി സമ്മതിക്കുകയായിരുന്നു. മറുവശത്ത് കൊൽക്കത്തയ്ക്കായി ബോളിംഗിൽ തിളങ്ങിയത് വരുൺ ചക്രവർത്തിയും, ആൻഡ്ര റസലും, ഹർഷിദ് റാണയും ആയിരുന്നു. മത്സരത്തിൽ 98 റൺസിന്റെ വമ്പൻ വിജയമാണ് കൊൽക്കത്ത നേടിയത്. ഈ വിജയത്തോടെ കൊൽക്കത്ത പ്ലേയോഫിലേക്ക് കൂടുതൽ അടുത്തിട്ടുണ്ട്. വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റുമായി കൊല്‍ക്കത്ത ഒന്നാമത് എത്തി. 10 മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റുള്ള രാജസ്ഥാനെ നെറ്റ് റണ്‍ റേറ്റിലാണ് മറികടന്നത്.