വിശാഖപട്ടണത്ത് ആവേശം നിറച്ച് ധോണിയുടെ വെടിക്കെട്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയമറിഞ്ഞെങ്കിലും ധോണിയുടെ വെടിക്കെട്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് ചെയ്യാൻ മഹേന്ദ്ര സിംഗ് ധോണിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ മത്സരത്തിൽ ധോണിക്ക് അവസരം ലഭിക്കുകയും ധോണി ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മത്സരത്തിൽ 16 പന്തുകൾ നേരിട്ട ധോണി 37 റൺസ് ആണ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും ധോണിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ശിവം ദുബെ പുറത്തായ ശേഷമാണ് ധോണി ക്രീസിലേക്ക് എത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ അനായാസമായ ബൗണ്ടറി നേടിയാണ് ധോണി ആരംഭിച്ചത്. ശേഷം ഓവറിലെ അവസാന പന്തിൽ മുകേഷ് കുമാറിനെതിരെ മറ്റൊരു ബൗണ്ടറി കൂടി നേടി ധോണി ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറി.
പിന്നാലെ അടുത്ത ഓവറിൽ ഖലീൽ അഹമ്മദിനെതിരെ ഒരു ട്രേഡ് മാർക്ക് സിക്സർ എക്സ്ട്രാ കവറിലേക്ക് നേടിയാണ് ധോണി തന്റെ പ്രതിഭ പുറത്തെടുത്തത്. ഇതോടെ വിശാഖപട്ടണത്തിലെ സ്റ്റേഡിയം ഒന്നാകെ ഉണരുകയുണ്ടായി.
മത്സരത്തിന്റെ അവസാന ഓവറിലും ധോണി തന്റെ പ്രതാപകാല ഫോം ആവർത്തിക്കുകയുണ്ടായി. നോർക്കിയ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു കിടിലൻ ബൗണ്ടറി നേടിയാണ് ധോണി ആരംഭിച്ചത്.
ശേഷം രണ്ടാം പന്തിൽ ഒറ്റക്കൈയിൽ ധോണി നേടിയ സിക്സർ ആരാധകരെ ഒന്നാകെ കയ്യിലെടുക്കുകയുണ്ടായി. നോർക്കിയ എറിഞ്ഞ ഫുൾ ടോസിൽ ധോണി ഒറ്റക്കൈയിൽ യമണ്ടൻ സിക്സ് സ്വന്തമാക്കുകയായിരുന്നു. ശേഷം ഓവറിലെ നാലാം പന്തിൽ ഒരു അനായാസ ബൗണ്ടറി നേടി ധോണി വീണ്ടും ഞെട്ടിച്ചു.
മത്സരത്തിൽ ചെന്നൈ പരാജയമറിഞ്ഞെങ്കിലും അവസാന ഓവറിൽ ധോണി നേടിയ സിക്സറും ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശമായി. മത്സരത്തിൽ ആകെ 16 പന്തുകളാണ് മഹേന്ദ്ര സിംഗ് ധോണി നേരിട്ടത്. ഇതിൽ നിന്ന് 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 37 റൺസ് നേടാൻ ധോണിക്ക് സാധിച്ചു.
231 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ധോണി ഈ വെടിക്കെട്ട് തീർത്തത്. തന്റെ 42ആം വയസ്സിലും താൻ ഇത്രയധികം ശക്തനാണ് എന്ന് വിളിച്ചോതുന്ന ഇന്നിംഗ്സ് ആണ് ധോണി മത്സരത്തിൽ കാഴ്ചവച്ചത്. ധോണിയുടെ ഈ ഇന്നിങ്സ് ചെന്നൈ ആരാധകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.