പൊരുതി വീണ് ഗുജറാത്ത്‌. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 4 റൺസിന്റെ ത്രില്ലിംഗ് വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ റാഷിദ് ഖാന്റെ മിന്നലാക്രമണത്തെ ചെറുത്താണ് ഡൽഹി വിജയം നേടിയത്. ടൂർണമെന്റിലെ നാലാം വിജയമാണ് ഡൽഹി മത്സരത്തിൽ നേടിയത്. ഇതോടെ പോയിന്റ്സ് ടേബിളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ ഡൽഹിക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് പൃഥ്വി ഷായുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ഫ്രീസർ മക്ഗർക്ക് തുടക്കത്തിൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും 14 പന്തുകളിൽ 23 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. അങ്ങനെ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിൽ പതറുകയുണ്ടായി. ഈ സമയത്താണ് അക്ഷർ പട്ടേലും റിഷഭ് പന്തും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഡൽഹിയ്ക്കായി കെട്ടിപ്പടുത്തത്. മധ്യ ഓവറുകളിൽ കൃത്യമായി ഗുജറാത്ത് ബോളർമാരെ ആക്രമിച്ചാണ് ഇരുവരും മുൻപോട്ടു പോയത്. അക്ഷർ മത്സരത്തിൽ 43 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 66 റൺസാണ് നേടിയത്.

നാലാം വിക്കറ്റിൽ 113 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. അക്ഷർ പുറത്തായ ശേഷവും പന്ത് ആക്രമണം അഴിച്ചു വിടുകയുണ്ടായി. 43 ബോളുകളിൽ 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 88 റൺസാണ് പന്ത് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് 7 പന്തുകളിൽ 26 റൺസുമായി തിളങ്ങിയതോടെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 224 റൺസ് എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് നായകൻ ഗില്ലിന്റെ വിക്കറ്റ് ആദ്യം+തന്നെ നഷ്ടമായി. ശേഷം സാഹയും സായി സുദർശനും ചേർന്ന് ഗുജറാത്തിനായി ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് സമ്മാനിച്ചു.

ഇരുവരും ഗുജറാത്തിന്റെ സ്കോറിങ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. 25 പന്തുകളിൽ 39 റൺസാണ് നേടിയത്. സായി സുദർശൻ 39 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 65 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ പരാജയപ്പെട്ടത് ഗുജറാത്തിന് തിരിച്ചടി സമ്മാനിച്ചു. ഇത്തരത്തിൽ വലിയ ലക്ഷ്യം മുൻപിലുള്ള സമയത്താണ് ഡേവിഡ് മില്ലർ വെടിക്കെട്ട് തുടങ്ങിയത്. തന്റെ പ്രതാപകാല ഇന്നിംഗ്സുകളെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് മത്സരത്തിൽ മില്ലർ കാഴ്ചവച്ചത്. കേവലം 21 പന്തുകളിൽ നിന്ന് അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ മില്ലർക്ക് സാധിച്ചു. 23 പന്തുകളിൽ 55 റൺസാണ് മില്ലർ നേടിയത്. എന്നാൽ മില്ലർ പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

അവസാന 2 ഓവറുകളിൽ 37 റൺസായിരുന്നു ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത്. 19 ആം ഓവറിൽ 2 സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 18 റൺസ് നേടാൻ ഗുജറാത്ത് ബാറ്റർമാർക്ക് സാധിച്ചു. ഇതോടെ ഗുജറാത്തിന്റെ അവസാന ഓവറിലെ ലക്ഷ്യം 19 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് റാഷിദ് ഖാൻ ആരംഭിച്ചത്. ശേഷം അടുത്ത പന്തിലും റാഷിദ് ബൗണ്ടറി സ്വന്തമാക്കി. അടുത്ത 2 പന്തുകളും ഡോട് ബോളായി മാറിയതോടെ ഗുജറാത്തിന്റെ വിജയലക്ഷം 2 പന്തുകളിൽ 11 റൺസായി. ശേഷം ഒരു തകർപ്പൻ സിക്സർ റാഷിദ് നേടി. അവസാന പന്തൽ ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ് ആണ്. എന്നാൽ അവസാന പന്തിൽ റൺസ് നേടാൻ റാഷിദിന് സാധിച്ചില്ല. ഇതോടെ 4 റൺസിന്റെ വിജയം ഡൽഹിയെ തേടിയെത്തുകയായിരുന്നു.

Previous articleചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.
Next article“അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ”- റെയ്‌നയുടെ അഭ്യർത്ഥന.