ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനായി റിഷഭ് പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തിനു ശേഷം 14 മാസങ്ങള്‍ക്ക് ശേഷമാണ് റിഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്താന്‍ പോവുന്നത്. നിലവില്‍ താരം വിശാഖപട്ടണത്ത് പ്രീ സീസണ്‍ ക്യാംപിനൊപ്പമാണ്.
പുതിയ വീര്യത്തോടും ഉത്സാഹത്തോടും കൂടി ഒരു പുതിയ സീസണിനായി കാത്തിരിക്കുമ്പോള്‍ റിഷഭ് പന്ത് ടീമിനെ നയിക്കുന്നത് കാണാന്‍ കാത്തിരിക്കാനാവുന്നില്ലാ എന്ന് ഡിസി ചെയര്‍മാനും സഹ ഉടമയുമായ പാര്‍ത്ഥ് ജിന്‍ഡല്‍ പറഞ്ഞു.
”തൻ്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിൽ റിഷഭ് അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തുവെന്ന് ടീം സഹ ഉടമ കിരൺ കുമാർ ഗ്രാന്ധി പറഞ്ഞു. ഒരു പുതിയ സീസണിലേക്ക് കടക്കുമ്പോൾ സഹതാരങ്ങള്‍ അതിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊള്ളുമെന്നതിൽ എനിക്ക് സംശയമില്ല. ക്യാപ്റ്റൻ ഋഷഭിനും ടീമിനും ഞങ്ങളുടെ ആശംസകൾ നേരുന്നു. ”
കഴിഞ്ഞ സീസണില്‍ റിഷഭ് പന്തിന്‍റെ അസാന്നിധ്യത്തില്‍ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിച്ചത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ഒന്‍പതാമതായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. ഇത്തവണ റിഷഭ് പന്ത് എത്തുന്നതോടെ ടീം നല്ല രീതിയില്‍ പ്രകടനം നടത്തും എന്നാണ് കരുതുന്നത്.