വിൻഡിസ് വെടിക്കെട്ട് വീരനെ ടീമിലെത്തിച്ച് സഞ്ജുപ്പട. ഹെഡിനെ തട്ടിയെടുത്ത് സൺറൈസേഴ്സ്.

20231219 134806

2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആദ്യ പടി മുൻപോട്ടു വെച്ച് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിലെ തന്നെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ വിൻഡീസ് ബാറ്റർ റോവ്മൻ പവലിനെ ടീമിൽ എത്തിച്ചാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് അൽഭുതം തീർത്തത്. ഇതോടുകൂടി രാജസ്ഥാൻ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് വെടിക്കെട്ടുകൾ കൊണ്ട് പേരുകേട്ട ബാറ്ററാണ് പവൽ. അതിനാൽ തന്നെ പവലിന്റെ കടന്നുവരവ് സഞ്ജുവിന്റെ ടീമിന് കൂടുതൽ ശക്തി പകരും എന്നാണ് കരുതുന്നത്. ലേലത്തിലെ ആദ്യ താരമായിരുന്നു പവൽ.

പവലിനായി വലിയ യുദ്ധം തന്നെയാണ് ലേലത്തിൽ നടന്നത്. ഒരുകോടി ബേസ് തുകയ്ക്കാണ് പവൽ ലേലത്തിൽ പങ്കെടുത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലേക്ക് കടന്നുവന്നത്. ശേഷം രാജസ്ഥാൻ റോയൽ സ് കളത്തിൽ എത്തുകയായിരുന്നു. പിന്നീട് പവലിന്റെ തുക ഉയരുകയും അതൊരു പരിധി കഴിയുകയും ചെയ്തു.

ലേലത്തിൽ 7.40 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ടീം ഈ സൂപ്പർ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ദേവതത്ത് പടിക്കൽ അടക്കമുള്ള താരങ്ങളെ ഇത്തവണ രാജസ്ഥാൻ കൈവിടുകയുണ്ടായി. ശേഷം വെടിക്കെട്ട് താരങ്ങളെ തങ്ങൾ സ്വന്തമാക്കും എന്നതിന് വലിയ സൂചന തന്നെയാണ് രാജസ്ഥാൻ പവലിന്റെ ലേലത്തിലൂടെ നൽകിയിരിക്കുന്നത്.

See also  "ഇവിടെ രാഷ്ട്രീയമാണ് വലുത്. കഷ്ടപ്പാടിന് വിലയില്ല". രഞ്ജിയിലെ അനീതി തുറന്നുകാട്ടി ഹനുമ വിഹാരി.

പവലിനെ കൂടാതെ ലേലത്തിന്റെ ആദ്യ സെറ്റിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ആണ്. മുൻപ് തന്നെ ഹെഡിന് വേണ്ടി വലിയ രീതിയിലുള്ള ലേലം നടക്കും എന്ന സൂചന ലഭിച്ചിരുന്നു. അതേ രീതിയിൽ വലിയ ലേലം തന്നെയാണ് ഹെഡ്ഡിനായി നടന്നത്. പ്രധാനമായും സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്സുമാണ് ട്രാവിസ് ഹെഡ്ഡിനായി ലേലത്തിൽ ഉൾപ്പെട്ടത്. 2 കോടിയായിരുന്നു ഹെഡിന്റെ അടിസ്ഥാന തുക. വലിയ യുദ്ധത്തിനൊടുവിൽ 6.80 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഹെഡിനെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് താരം ഹാരി ബ്രുക്കിന് വേണ്ടിയും ആദ്യ സെറ്റിൽ വലിയ ലേലം നടന്നു. രണ്ടു കോടി രൂപ അടിസ്ഥാന തുകയ്ക്കയിരുന്നു ഹാരി ബ്രുക്ക് ലേലത്തിൽ പങ്കെടുത്തത്. ഡൽഹിയും രാജസ്ഥാനും തമ്മിലാണ് ലേലം നടന്നത്. രാജസ്ഥാൻ ഹാരി ബ്രുക്കിനെ ലഭിക്കുന്നതിനായി പരമാവധി കഷ്ടപ്പെട്ടു. എന്നാൽ ഡൽഹി കൃത്യമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ലേലത്തിൽ 4 കോടി രൂപയ്ക്കാണ് ഹാരി ബ്രൂക്ക് ഡൽഹി ടീമിലേക്ക് ചേക്കേറിയിരിക്കുന്നത്. ഈ ലേലത്തിൽ ഒരുപാട് താരങ്ങളെ ആവശ്യമുള്ള ഒരു ടീമാണ് ഡൽഹി. മികച്ച തുടക്കമാണ് ഡൽഹിക്ക് ലേലത്തിൽ ലഭിച്ചിരിക്കുന്നത്

Scroll to Top