ഫിനിഷിങ് ലൈനിൽ ജൂറൽ വെടിക്കെട്ട്‌. വീണ്ടും രാജസ്ഥാന്റെ രക്ഷകനായ ഇന്നിങ്സ്.

വീണ്ടും ഫിനിഷിംഗ് ലൈനിൽ രാജസ്ഥാനായി ധ്രുവ് ജൂറൽ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന് ഒരു ഉഗ്രൻ ഫിനിഷാണ് ജൂറൽ സമ്മാനിച്ചത്. മുൻനിര ബാറ്റർമാർ പുറത്തായതിനു ശേഷം രാജസ്ഥാൻ പതറുകയായിരുന്ന സാഹചര്യത്തിലാണ് ജൂറൽ ഈ തകർപ്പൻ ഫിനിഷിംഗ് ഉണ്ടായത്. ജൂറലിന്റെ ഈ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ ഒരു മികച്ച സ്കോർ, ബോർഡിൽ ചേർക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിലവാരമുള്ള ബാറ്റിംഗ് നിരക്കെതിരെ രാജസ്ഥാന് പ്രതീക്ഷ നൽകുന്ന ഇന്നിങ്സ് തന്നെയാണ് ജൂറൽ കാഴ്ചവച്ചത്.

മത്സരത്തിൽ അഞ്ചാമനായി ആയിരുന്നു ജൂറൽ ക്രീസിൽ എത്തിയത്. തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് നേരിട്ട ആദ്യ ബോൾ മുതൽ ജൂറൽ കാഴ്ചവച്ചത്. ചെന്നൈ സൂപ്പർ കിങ്സ് നിരയിലെ ബോളർമാരെയൊക്കെയും തലങ്ങും വിലങ്ങും ജൂറൽ പായിച്ചു. മത്സരത്തിൽ 15 പന്തുകൾ മാത്രം നേരിട്ട ജൂറൽ 34 റൺസ് നേടുകയുണ്ടായി. 3 ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതാദ്യമായില്ല 2023 ഐപിഎല്ലിൽ ജൂറൽ രാജസ്ഥാന്റെ രക്ഷകനായി എത്തുന്നത്. ജൂറലിന്റെ ഈ വെടിക്കെട്ട് ഇന്നിങ്സ് മത്സരത്തിൽ രാജസ്ഥാന് മുൻതൂക്കം നൽകിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് രാജസ്ഥാന് ജയിസ്വാളും ബട്ലറും ചേർന്ന് നൽകിയത്. ബട്ലർ(26) ക്രീസിൽ ശാന്തനായി നിന്നപ്പോൾ ജയസ്വാൾ ആദ്യ ഓവറുകളിൽ തന്നെ ആറാടുകയായിരുന്നു. മത്സരത്തിൽ 43 പന്തുകളിൽ 77 റൺസാണ് ജെയിസ്വാൾ നേടിയത്. ഇന്നിങ്സിൽ 8 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ ബട്ലർ പുറത്തായതിനുശേഷം വന്ന സഞ്ജു സാംസനും(17) ഹെറ്റ്മെയ്റിനും വലിയ രീതിയിൽ സ്കോർ ചെയ്യാൻ പറ്റാതിരുന്നത് രാജസ്ഥാനെ സമ്മർദത്തിൽ ആക്കിയിരുന്നു.

ഈ സമയത്താണ് ജൂറൽ ഒരു മികച്ച ഇന്നിംഗ്സുമായി കടന്നുവന്നത്. ഒപ്പം ദേവദത് പടിക്കലും അവസാന ഓവറുകളിൽ ജൂറലിന് കൂട്ടായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. പടിക്കൽ മത്സരത്തിൽ 13 പന്തുകളിൽ 23 റൺസ് നേടുകയുണ്ടായി. ഇന്നിങ്സിൽ നാലു ബൗണ്ടറികളാണ് ഉൾപ്പെട്ടത്. ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 202 എന്ന വമ്പൻ സ്കോറിൽ രാജസ്ഥാൻ റോയൽസ് എത്തുകയായിരുന്നു. മത്സരത്തിൽ രാജസ്ഥാന് ആദ്യ ഇന്നിങ്സിൽ ആധിപത്യം നേടാൻ സാധിച്ചിട്ടുണ്ട്.

Previous articleവീണ്ടും സഞ്ജു കലമുടച്ചു. സ്ഥിരതയില്ലായ്മ തുടരുന്നു.
Next articleസഞ്ജുപ്പടയുടെ രാജകീയ തിരിച്ചുവരവ്. ചെന്നൈയെ പൂട്ടിക്കെട്ടി സൂപ്പർ വിജയം.