അങ്ങനെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുകയാണ്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഒരുപാട് യുവതാരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിനായി സംഭാവന ചെയ്ത ശേഷമാണ് ലീഗ് അവസാനിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് ഇപ്പോൾ. ഇത്തവണത്തെ ഐപിഎല്ലിലെ മികവാർന്ന പ്രകടനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സേവാഗ് തന്റെ ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സേവാഗിന്റെ ലിസ്റ്റിലെ പ്രധാനപ്പെട്ട കാര്യം റൺവേട്ടക്കാരായ വിരാട് കോഹ്ലി, ശുഭമാൻ ഗിൽ എന്നിവരുടെ പേരില്ല എന്നതാണ്.
വീരേന്ദർ സേവാഗിന്റെ ലിസ്റ്റിലെ ആദ്യത്തെ കളിക്കാരൻ കൊൽക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗ് ആണ്. ഈ സീസണിലെ ഏറ്റവും മികച്ച ബാറ്ററായി താൻ കാണുന്നത് റിങ്കുവിനെയാണ് എന്ന് സേവാഗ് പറയുന്നു. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവർ 29 റൺസ് വേണമെന്നിരിക്കാൻ റിങ്കു സിംഗ് 5 സിക്സറുകൾ നേടുകയുണ്ടായി. ഇത് വലിയൊരു സംഭവം തന്നെയാണ് എന്നാണ് സേവാഗ് പറഞ്ഞത്. തന്റെ ലിസ്റ്റിലെ രണ്ടാമനായി സേവാഗ് പറയുന്നത് ചെന്നൈയുടെ ബാറ്റർ ശിവം ദുബെയെയാണ്. “ദുബെ ഈ സീസണിൽ മികവാർന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. 33 സിക്സറുകളാണ് ദുബെ ഈ സീസണിൽ നേടിയിട്ടുള്ളത്. മാത്രമല്ല 160ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും ദുബെ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിൽ മോശം പ്രകടനങ്ങൾ ആവർത്തിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ദുബെ കേൾക്കുകയുണ്ടായി. ഇതിന് മറുപടിയാണ് ദുബെ ഇപ്പോൾ നൽകുന്നത്.”- വീരേന്ദർ സേവാഗ് പറഞ്ഞു.
തന്റെ ലിസ്റ്റിലെ മൂന്നാമത്തെ ക്രിക്കറ്ററായി സേവാഗ് പറയുന്നത് രാജസ്ഥാൻ റോയൽസിന്റെ താരം ജയ്സ്വാൾ ആണ്. രാജസ്ഥാനായി ഇത്തവണ തകര്‍പ്പന്‍ പ്രകടനമായിരുന്നു ജയ്സ്വാൾ കാഴ്ചവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സേവാഗ് ജയ്സ്വാളിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലാമതായി സേവാഗിന്റെ ലിസ്റ്റ് ഉൾപ്പെട്ടിരിക്കുന്നത് മുംബൈ ഇന്ത്യൻസ് സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് ഡക്കുകൾ നേടിയ ശേഷം ഐപിഎല്ലിലേക്കെത്തിയ സൂര്യ മുംബൈക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് എന്ന് സേവാഗ് പറയുന്നു.
തന്റെ ലിസ്റ്റിലെ അവസാന താരമായി സേവാഗ് തിരഞ്ഞെടുത്തിരിക്കുന്നത് ഹൈദരാബാദിന്റെ ബാറ്റർ ഹെൻട്രിച്ച് ക്ലാസനെയാണ്. ഈ സീസണിൽ ഹൈദരാബാദിനായി മധ്യ ഓവറുകളിൽ മികവാർന്ന പ്രകടനം ക്ലാസൻ കാഴ്ചവച്ചിരുന്നു. സ്പിൻ ബോളർമാർക്കെതിരെയും പേസർമാർക്കെതിരെയും ഇന്ത്യൻ സാഹചര്യത്തിൽ അടിച്ചു തകർക്കാൻ ക്ലാസന് സാധിച്ചിട്ടുണ്ട്. ഈ പ്രകടനങ്ങൾ ക്ലാസന് വരും ദിവസങ്ങളിലും വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് സേവാഗ് പറയുകയുണ്ടായി.