ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമാണ് വിരാട് കോഹ്ലി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബാറ്റിംഗിലും ഫീൽഡിങ്ങിലും ക്രിക്കറ്റിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു കളിക്കാരൻ തന്നെയാണ് കോഹ്ലി. ഇതോടൊപ്പം തന്നെ ആക്രമണോത്സുകതയുടെ കാര്യത്തിലും കോഹ്ലി അല്പം മുൻപിലാണ്. എതിർ ടീമുകൾക്കെതിരെ ആക്രമണോൽസുക മനോഭാവം കാട്ടാനും അവരെ പ്രകോപിപ്പിക്കാനും കോഹ്ലിയെ കഴിഞ്ഞിട്ടേ മറ്റൊരാൾ ഉള്ളൂ. മാത്രമല്ല മൈതാനത്ത് ഓരോ വിക്കറ്റുകൾ വീഴുമ്പോഴും ഓരോ ബൗണ്ടറികൾ പോകുമ്പോഴും കോഹ്ലി തന്റെ വികാരങ്ങൾ പുറത്തു കാട്ടാറുണ്ട്. ഇത് ഇപ്പോൾ കോഹ്ലിക്ക് ഒരു മുട്ടൻ പണി നൽകിയിരിക്കുകയാണ്. ചെന്നൈയ്ക്കെതിരായ ബാംഗ്ലൂരിന്റെ മത്സരത്തിനിടെ ആക്രമണോത്സുക സമീപനം പുറത്തെടുത്തതിനാൽ കോഹ്ലിക്ക് പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ.
മത്സരത്തിൽ കോഹ്ലി കാട്ടിയ അമിത ആഹ്ലാദപ്രകടനമാണ് വിനയായി മാറിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റർ ശിവം ദുബെ പുറത്തായപ്പോൾ കോഹ്ലി അമിതമായ ആഹ്ലാദം നടത്തുകയുണ്ടായി. ഇതിനുശേഷം പിഴ വിധിക്കാൻ ബിസിസിഐ തയ്യാറാവുകയായിരുന്നു. മാച്ച് ഫീയുടെ 10% ആണ് കോഹ്ലിക്ക് പിഴയായി നൽകേണ്ടത്. മാച്ച് റഫറി ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പ്രകാരം കോഹ്ലിയോട് ഇതേ സംബന്ധിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോഹ്ലി തന്റെ തെറ്റ് സമ്മതിക്കുകയാണ് ഉണ്ടായത്. ഇതിനുശേഷമാണ് 10% പിഴ വിധിക്കാൻ ബിസിസിഐ തയ്യാറായത്.
ഇനി വരുന്ന മത്സരങ്ങളിൽ കോഹ്ലി ഇങ്ങനെ പിഴവ് വരുത്താതിരിക്കേണ്ടത് ബാംഗ്ലൂർ ടീം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഇനിയും ഇതേപോലെയുള്ള ആക്രമണ ആഘോഷങ്ങൾ തുടരുകയാണെങ്കിൽ 25ശതമാനത്തോളം കോഹ്ലി പിഴ നൽകേണ്ടി വന്നേക്കും. മാത്രമല്ല ഇത് കോഹ്ലിക്ക് കുറച്ചധികം ഡിമെരിറ്റ് പോയിന്റ്കളും നൽകാൻ കാരണമാകും. അതുകൊണ്ടുതന്നെ മൈതാനത്തെ തന്റെ വികാരങ്ങളെ കോഹ്ലി ഇനിയും നിയന്ത്രിക്കേണ്ടതുണ്ട്.
“ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഐപിഎല്ലിലെ കോഡ് ഓഫ് കൺടക്ട് ലംഘിക്കുകയുണ്ടായി. അതിനാൽ മാച്ച് ഫിയുടെ 10% പിഴ നൽകിയിരിക്കുകയാണ്. കോഹ്ലി ആർട്ടിക്കിൾ 21 ലെവൽ 1 ലംഘിച്ചതായി മാച്ച് റഫറി സ്ഥിരീകരിച്ചിരുന്നു.”- ബിസിസിഐ ഔദ്യോഗിക കുറിപ്പിൽ ചേർത്തു. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 8 റൺസിന്റെ പരാജയമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വഴങ്ങിയത്. ടൂർണമെന്റിലെ ബാംഗ്ലൂരിന്റെ മൂന്നാം പരാജയമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായത്.