ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ടേബിൾ ടോപ്പേഴ്സിന്റെ പോരാട്ടം. കലാശ പോരാട്ടത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് കെ എൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. രാജസ്ഥാൻ റോയൽസ് നിലവിൽ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തും, ലക്നൗ സൂപ്പർ ജെയന്റ്സ് രണ്ടാംസ്ഥാനത്തുമാണ് നിൽക്കുന്നത്. അതിനാൽ തന്നെ ശക്തമായ ഒരു പോരാട്ടം തന്നെയായിരിക്കും ജയ്പൂരിലെ സവായി മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്നത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. 2023ലും അവർ അത് ആവർത്തിക്കുന്നതാണ് കാണുന്നത്. നിലവിൽ ഈ സീസണിൽ 5 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 4 മത്സരങ്ങളിലും വിജയം കണ്ടിട്ടുണ്ട്.
അവസാന മത്സരത്തിൽ ശക്തരായ ഗുജറാത്ത് ടൈറ്റൻസിനെയായിരുന്നു സഞ്ജുവിന്റെ പട പരാജയപ്പെടുത്തിയത്. മത്സരത്തിൽ സഞ്ജു സാംസനും ഹെറ്റ്മയ്റുമായിരുന്നു ഹീറോയായി മാറിയത്. രാജസ്ഥാനെ സംബന്ധിച്ച് ബാറ്റിംഗ് നിര തന്നെയാണ് അവരുടെ ശക്തി. ജോസ് ബട്ലറും ദേവദത് പടിക്കലും സഞ്ജു സാംസനും ഹെറ്റ്മെയ്റും ധ്രുവ് ജൂറലുമടങ്ങുന്ന ബാറ്റിംഗ് നിര കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം കൃത്യമായ സമയങ്ങളിൽ ബോളിങ്ങ് നിരയും അവസരത്തിന് ഉയരുന്നുണ്ട്.
മറുവശത്ത് മികച്ച പ്രകടനങ്ങൾ തന്നെയാണ് ലക്നൗവും കാഴ്ചവെച്ചിട്ടുള്ളത്. നിലവിൽ 5 മത്സരങ്ങൾ ഈ സീസണിൽ കളിച്ച ലക്നൗ 3 മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ 2 വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെയാണ് ലക്നൗ പരാജയപ്പെടുത്തിയത്. അതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാനെതിരെ ലക്നൗ ഇറങ്ങുന്നത്. കെഎൽ രാഹുലും കൈൽ മേയേഴ്സും നിക്കോളാസ് പൂരനും മാർകസ് സ്റ്റോയിനിസുമടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ലക്നൗവിന്റെ ശക്തി.
നിലവിൽ കണക്കുകൾ പരിശോധിച്ചാൽ രാജസ്ഥാൻ റോയൽസിന് തന്നെയാണ് മത്സരത്തിൽ വിജയസാധ്യതയുള്ളത്. കഴിഞ്ഞ മത്സരത്തിൽ നായകൻ സഞ്ജു സാംസൻ വെടിക്കെട്ട് പ്രകടനത്തോടെ തിരിച്ചുവന്നത് രാജസ്ഥാന് പ്രതീക്ഷയാണ്. മത്സരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെയാവും രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. ഏതുവിധേനയും മത്സരം ജയിച്ച് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരാനാണ് സഞ്ജുവിന്റെ പടയുടെ ലക്ഷ്യം.