രാജസ്ഥാൻ റോയൽസിന്റെ ശനിദശ തുടരുന്നു. 90% വും വിജയിച്ച മത്സരം ഹൈദരാബാദിന്റെ കയ്യിലേക്ക് നൽകി പരാജയം അറിഞ്ഞിരിക്കുകയാണ് രാജസ്ഥാൻ ഇപ്പോൾ. ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ അവസാന പന്തിൽ 5 റൺസ് ആയിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സന്ദീപ് ശർമ അവസാന പന്തിൽ ഒരു നോബോൾ എറിയുകയും, ശേഷം എക്സ്ട്രാ ബോളിൽ അബ്ദുൽ സമദ് ഒരു സിക്സർ പറത്തുകയും ചെയ്തു. ഇങ്ങനെ മത്സരത്തിൽ ഹൈദരാബാദ് അവിശ്വസനീയമായ വിജയം കരസ്ഥമാക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് രാജസ്ഥാനായി ഓപ്പണർമാർ നൽകിയത്. പവർപ്ലെയിൽ ജെയിസ്വാളിന്റെ ഒരു താണ്ഡവം തന്നെയായിരുന്നു കണ്ടത്. മത്സരത്തിൽ 18 പന്തുകൾ നേരിട്ട് 35 റൺസ് ജെയിസ്വാൾ നേടുകയുണ്ടായി. ജെയിസ്വാൾ പുറത്തായശേഷം സഞ്ജു സാംസനും ബട്ലർക്കൊപ്പം ക്രീസിൽ ഉറച്ചതോടെ രാജസ്ഥാന്റെ സ്കോറിംഗ് ഉയരുകയായിരുന്നു. ബട്ലർ മത്സരത്തിൽ 59 പന്തുകളിൽ 95 റൺസാണ് നേടിയത്. ഇന്നിങ്സിൽ 10 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. സഞ്ജു ഇന്നിംഗ്സിൽ 38 പന്തുകളിൽ 66 റൺസ് നേടി. നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളുമാണ് സഞ്ജു നേടിയത്. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 214 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. അൻമോൾ പ്രീത് സിങ്ങും അഭിഷേക് ശർമയും ചേർന്ന് ഹൈദരാബാദിന്റെ പവർ പ്ലേ ഗംഭീരമാക്കി മാറ്റി. അൻമോൾ മത്സരത്തിൽ 25 പന്തുകളിൽ 33 റൺസ് നേടിയപ്പോൾ, 34 പന്തുകളിൽ 55 റൺസ് ആയിരുന്നു അഭിഷേക് ശർമ നേടിയത്. അഭിഷേക് ശർമ്മയ്ക്ക് ശേഷമെത്തിയ രാഹുൽ ത്രിപാതിയും ക്രീസിലുറച്ചതോടെ കാര്യങ്ങൾ ഹൈദരാബാദിന്റെ കൈപ്പിടിയിലേക്ക് തിരിച്ചെത്തി. ഒപ്പം ക്ലാസനും പ്രതീക്ഷക്കൊത്ത് ഉയർന്നതോടെ ഹൈദരാബാദ് മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.
ത്രിപാതി മത്സരത്തിൽ 29 പന്തുകളിൽ 47 റൺസ് ആണ് നേടിയത്. ക്ലാസൺ മത്സരത്തിൽ 12 പന്തുകളിൽ 26 റൺസ് നേടി. എന്നാൽ ചെറിയൊരു ഇടവേളയിൽ തന്നെ ത്രിപാതിയുടെയും ക്ലാസന്റേയും മാക്രത്തിന്റെയും വിക്കറ്റ് നേടാൻ സാധിച്ചത് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തുകളിൽ സന്ദീപ് ശർമ കൃത്യത പാലിച്ചെങ്കിലും ഒടുവിൽ റൺസ് വിട്ടു നൽകുകയായിരുന്നു. അവസാന പന്തിൽ അഞ്ചു റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തില്‍ സിക്സടിക്കാനുള്ള ശ്രമം ബട്ട്ലര്‍ പിടികൂടി. എന്നാല്‍ അംപയര്‍ നോബോള്‍ വിധിച്ചു. അടുത്ത പന്തില്‍ ഒരു തകർപ്പൻ സിക്സർ നേടി അബ്ദുൽ സമദ് ഹൈദരാബാദിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.