ലക്നൗ സൂപ്പർ ജയന്റ്സിന് മുൻപിൽ കാലിടറി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ലക്നൗവിനെതിരായ മത്സരത്തിൽ 10 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. കൈൽ മേയേഴ്സിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ലക്നൗവിന് വിജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണിൽ 6 മത്സരങ്ങൾ കളിച്ച ലക്നൗ 4 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ സ്ഥിരത കാട്ടാതിരുന്ന ലക്നൗവിന് വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് ജയ്പൂരിൽ ഉണ്ടായിരിക്കുന്നത്.
ജയ്പൂരിലെ പിച്ചിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ള സംശയം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു. അതിനാൽതന്നെ ഇരുവരും പ്രതിരോധാത്മകമായാണ് ആരംഭിച്ചത്. ലക്നൗ പതിഞ്ഞ താളത്തിൽ തന്നെയായിരുന്നു പവർപ്ലേ കളിച്ചത്. എന്നാൽ ശേഷം സ്കോറിംഗ് റേറ്റ് ഉയർത്തുന്നതിൽ ലക്നൗ പരാജയപ്പെടുകയുണ്ടായി. ആദ്യ വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തെങ്കിലും നിർണായക സമയത്ത് ഓപ്പണർമാരെ നഷ്ടമായത് ലക്നൗവിനെ ബാധിച്ചു. മത്സരത്തിൽ കൈൽ മേയേഴ്സ് 42 പന്തുകളിൽ 51 റൺസ് നേടി. കെ എൽ രാഹുൽ 32 പന്തുകളിൽ 39 റൺസ് ആണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ സ്റ്റോയിനിസും(21) നിക്കോളാസ് പൂരനും (29) അടിച്ചുതകർക്കാൻ ശ്രമിച്ചതോടെ ലക്നൗ ഭേദപ്പെട്ട ഒരു സ്കോറില്‍ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 154 റൺസാണ് ലക്നൗ മത്സരത്തിൽ നേടിയത്.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം തന്നെയാണ് ജോസ് ബട്ലറും ജെയിസ്വാളും രാജസ്ഥാന് നൽകിയത്. ആദ്യ ഓവറുകളിൽ ബട്ലർ ഒരു വശത്ത് ഉറച്ചുനിൽക്കുകയും, ജയ്സ്വാൾ അടിച്ചു തകർക്കുകയും ചെയ്തു. ഇരുവരും ചേർന്ന് 87 റൺസിന്റെ മികച്ച ഒരു ആദ്യ വിക്കറ്റ് കൂട്ടുകെട്ടും രാജസ്ഥാന് നൽകി. എന്നാൽ ആദ്യ വിക്കറ്റ് പോയതിനുശേഷം രാജസ്ഥാന്റെ ഡഗൗട്ടിലേക്ക് ഒരു ഘോഷയാത്ര തന്നെയാണ് നടന്നത്. നായകൻ സഞ്ജു സാംസൺ(2) ജോസ് ബട്ട്ലർ(40) ഹെറ്റ്മയർ(2) എന്നിവർ ഞൊടിയിടയിൽ തന്നെ കൂടാരം കയറുകയുണ്ടായി. ഇതോടെ രാജസ്ഥാൻ തകരാൻ തുടങ്ങി.
എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാന് വേണ്ടി ദേവദത്ത് പടിക്കലും റിയാൻ പരാഗും പോരാട്ടം നയിച്ചു. അവസാന ഓവറിൽ 19 റൺസായിരുന്നു രാജസ്ഥാന് വിജയത്തിനായി വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തിൽ റിയാൻ പരാഗ് ഒരു ബൗണ്ടറി നേടി. എന്നാൽ മൂന്നാം പന്തിൽ പടിക്കലിനെ പുറത്താക്കിക്കൊണ്ട് ആവേഷ് മത്സരം ലക്നൗവിന്റെ വശത്തേക്ക് തിരിക്കുകയായിരുന്നു. മത്സരത്തിൽ 10 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ടൂർണമെന്റിലെ രാജസ്ഥാന്റെ രണ്ടാമത്തെ പരാജയമാണിത്.