പഞ്ചാബ് കിങ്സിനെതിരെ അഞ്ചു റൺസിന്റെ നിരാശാജനകമായ പരാജയമേറ്റുവാങ്ങിയ ശേഷം സഞ്ജുവിന്റെ പട ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ വിജയം കണ്ട രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇന്ന് ഇറങ്ങുന്നത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ട് ആയ ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ്സുള്ള രാജസ്ഥാൻ പോയ്ന്റ്സ് ടേബിളിൽ നാലാം സ്ഥാനത്താണ്. മറുവശത്ത് ഡൽഹിയെ സംബന്ധിച്ച് 2023 ഐപിഎല്ലിന് മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാൻ സാധിക്കാത്ത ഡൽഹി എട്ടാം സ്ഥാനത്താണ് നിലനിൽക്കുന്നത്.
എന്നിരുന്നാലും മത്സരത്തിനായി ഇറങ്ങുമ്പോൾ രാജസ്ഥാനെ ഏറ്റവുമധികം അലട്ടുന്നത് ജോസ് ബട്ലറുടെ പരിക്കാണ്. പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കുപറ്റിയ ജോസ് ബട്ലർ ഡൽഹിക്കെതിരെ കളിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെ ബട്ലർ കളിക്കാത്ത പക്ഷം ദേവദത്ത് പടിക്കൽ ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കിൽ സഞ്ജു മൂന്നാമനായും, റിയാൻ പരാഗ് നാലാമനായും, ഷിമറോൺ ഹെറ്റ്മേയ്ർ അഞ്ചാമതായും ഇറങ്ങിയേക്കും.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ ബോളിംഗ് നിരയിലെ പലരും വലിയ രീതിയിൽ റൺസ് വഴങ്ങുകയുണ്ടായി. ഇതിൽ പ്രധാനിയായത് മലയാളി താരം കെ എം ആസിഫ് ആയിരുന്നു. പഞ്ചാബിനെതിരെ നാലോ ഓവറുകളിൽ 54 റൺസാണ് കെഎം ആസിഫ് വിട്ടു നൽകിയത്. അതിനാൽതന്നെ ഡൽഹിക്കെതിരെ ആസിഫ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. മറുവശത്ത് മികച്ച ടീം ഉണ്ടായിട്ടും യാതൊരു തരത്തിലും മികവു കാട്ടാൻ സാധിക്കാത്ത ടീമാണ് ഡൽഹി. നായകൻ ഡേവിഡ് വാർണർ ഇരു മത്സരങ്ങളിലും ക്രീസിലുറച്ചെങ്കിലും റൺറേറ്റ് ഉയർത്താൻ സാധിച്ചിരുന്നില്ല. ഇതൊക്കെയും ഡൽഹിയെ ബാധിക്കുന്നുണ്ട്.
എന്തായാലും ഇരു ടീമുകളെയും സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ഗുവാഹത്തിയിൽ നടക്കാൻ പോകുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ഏതു വിധേനയും തങ്ങളുടെ മൂന്നാം മത്സരത്തിൽ വിജയം കാണാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ റോയൽസ്. 2022ലെ ഐപിഎൽ സീസണിന്റെ ഫൈനലിൽ എത്തിയ ടീമാണ് രാജസ്ഥാൻ.