വാങ്കഡെയിൽ രഹാനയുടെ 2.0 വേർഷൻ. മൊയിൻ അലിയ്ക്ക് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിലിടം പിടിച്ച രഹാനയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് വാങ്കഡെയിൽ കണ്ടത്. മുംബൈ ഉയർത്തിയ 158 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു തകർപ്പൻ ഇന്നിങ്സാണ് രഹാനെ കാഴ്ച വച്ചിരിക്കുന്നത്. മുംബൈയുടെ മുൻനിര ബോളർമാരെയൊക്കെയും തന്റെ ക്ലാസ് ഷോട്ടുകൾ കൊണ്ടാണ് രഹാനെ മത്സരത്തിൽ നേരിട്ടത്.
158 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് ആദ്യത്തെ ഓവറിൽ തന്നെ കോൺവെയെ നഷ്ടമായി. ബെറൻഡോഫിന്റെ പന്തിൽ കോൺവയുടെ കുറ്റിത്തെറിക്കുകയായിരുന്നു. ശേഷമാണ് അജിങ്ക്യ രഹാനെ ക്രീസിലെത്തിയത്. സാധാരണയായി ക്രീസിൽ അല്പസമയം ചിലവഴിച്ച ശേഷമാണ് രഹാനെ അടിച്ചു തകർക്കാറുള്ളത്. അങ്ങനെയാണ് രോഹിത് ശർമയടക്കമുള്ളവരും വിചാരിച്ചിരുന്നത്. പക്ഷേ ആദ്യ ബോൾ മുതൽ തന്റേതായ രീതിയിൽ ക്ലാസ് ഷോട്ടുകൾ കൊണ്ട് കൂടാരം തീർക്കുകയായിരുന്നു ഈ സ്റ്റാർ പ്ലെയർ. തനിക്ക് ലഭിച്ച അവസരങ്ങളോക്കെയും മികച്ച രീതിയിൽ തന്നെ രഹാനെ ഉപയോഗിച്ചു.
മത്സരത്തിൽ ചെന്നൈക്കായി 19 പന്തുകളിലായിരുന്നു രഹാനെ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. 2023 ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് രഹാനെ മത്സരത്തിൽ നേടിയിരിക്കുന്നത്. ചെന്നൈക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറി നേടുന്ന താരമായും രഹാനെ മത്സരത്തിൽ മാറി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 61 റൺസാണ് രഹാനെ നേടിയത്.
എന്തായാലും എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ച വളരെ മികച്ച പ്രകടനം തന്നെയാണ് രഹാനെ തന്റെ ചെന്നൈ സൂപ്പർ കിങ്സിനായുള്ള അരങ്ങേറ്റ മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ചെന്നൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 157 റൺസിന് മുംബൈ ഇന്ത്യൻസിനെ ഒതുക്കാൻ ചെന്നൈ ബോളർമാർക്ക് സാധിച്ചു. ധോണിയുടെ നേതൃത്വത്തിൽ തങ്ങളുടെ സ്പിൻ തന്ത്രങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ ചെന്നൈ ഉപയോഗിക്കുന്നതായിരുന്നു ആദ്യം കണ്ടത്. മറുപടി ബാറ്റിംഗിൽ രഹാനയുടെ ബലത്തിൽ തകർപ്പൻ തുടക്കം തന്നെ ചെന്നൈയ്ക്ക് ലഭിച്ചിട്ടുണ്ട്.