ഒരുപാട് വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗിൽ ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബോളറായിരുന്നു ലസിത് മലിംഗ. മലിംഗയുടെ സ്ലിങ്ങിങ് ആക്ഷനിൽ വരുന്ന യോർക്കറുകൾ ഇന്നും ബാറ്റർമാർക്ക് പേടിസ്വപ്നമാണ്. എന്നാൽ മലിംഗ വിരമിച്ചതിനു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലെ ബോളിങ്ങിന്റെ നിർവചനം പൂർണ്ണമായും മാറുകയുണ്ടായി. മലിംഗ എന്ന പേടിയിൽ നിന്ന് ബാറ്റർമാർ ഒരുതരത്തിൽ കരകയറി വരുമ്പോൾ മറ്റൊരു മലിംഗയെ ചൂണ്ടിക്കാട്ടുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മതീഷ പതിരാന എന്ന യുവബോളറിലൂടെ മറ്റൊരു മലിംഗയെ വാർത്തെടുക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ചെന്നൈയുടെ മുംബൈയ്ക്കെതിരായ മത്സരത്തിലും പതിരാനയുടെ ‘മലിംഗ മോഡൽ’ വളരെ വ്യക്തമായിരുന്നു.
മുംബൈയ്ക്കെതിരായ മത്സരത്തിൽ ഇന്നിംഗ്സിലെ അവസാന ഭാഗത്തിലാണ് പതിരാന എത്തിയത്. തന്റെ നാലോവറുകളിൽ കേവലം 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ ജൂനിയർ മലിംഗ നേടുകയുണ്ടായി. സ്പെല്ലിലെ പ്രധാനപ്പെട്ട കാര്യം ഒരു ബൗണ്ടറി പോലും പതിരാന വഴങ്ങിയില്ല എന്നുള്ളത് തന്നെയാണ്. അവസാന ഓവറുകളിൽ മുംബൈ പോലെ ഒരു വമ്പൻ ടീമിനെതിരെ ഒരു ബൗണ്ടറി പോലും വഴങ്ങാതെ പന്തറിയുക എന്നത് നിസ്സാര കാര്യമല്ല. ട്രിസ്റ്റൻ സ്റ്റബ്സും ടിം ഡേവിഡും അടങ്ങുന്ന വമ്പനടിക്കാരെ തന്റെ യോർക്കറുകൾ കൊണ്ട് പിടിച്ചുനിർത്തുകയായിരുന്നു പതിരാന മത്സരത്തിൽ.
നിലവിൽ യോർക്കറുകളെ ഇത്ര കാര്യക്ഷമമായി അവസാന ഓവറുകളിൽ കൈകാര്യം ചെയ്യുന്ന ബോളർമാർ കുറവാണ്. മത്സരത്തിൽ വധീരയെ ക്ലീൻ ബൗൾഡാക്കിയ പതിരാനയുടെ യോർക്കർ എല്ലാവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. പതിരാനയെ ലെഗ് സൈഡിലേക്ക് അടിച്ചുതൂക്കാനായി സ്റ്റമ്പിന്റെ ഓഫ് സൈഡിലേക്ക് വധീര കയറി നിന്നു. എന്നാൽ മിഡിൽ സ്റ്റമ്പിലേക്ക് ഒരു തകർപ്പൻ യോർക്കറെറിഞ്ഞ് പതിരാനാ വധീരയെ കൂടാരം കയറ്റുകയാണ് ഉണ്ടായത്. ധോണിയുടെ ശിക്ഷണത്തിൽ പതിരാന എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിത്തരുന്ന ഡെലിവറി തന്നെയായിരുന്നു അത്.
മുംബൈയ്ക്കെതിരായ മത്സരത്തിൽ മാത്രമല്ല, 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം അവസാന ഓവറുകളിൽ മികച്ച പ്രകടനങ്ങളാണ് പതിരാന പുറത്തെടുത്തിട്ടുള്ളത്. ഇതുവരെ 2023 ഐപിഎല്ലിൽ 16.2 ഓവറുകൾ പതിനാന എറിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നായി 7.53 എക്കണോമി റേറ്റിൽ 123 റൺസ് മാത്രമാണ് ഈ യുവബോളർ വഴങ്ങിയിട്ടുള്ളത്. മാത്രമല്ല ഡെത്ത് ഓവറുകളിൽ 10 വിക്കറ്റുകൾ സ്വന്തമാക്കാനും പതിരാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾക്ക് കൊണ്ടുതന്നെയാണ് പതിരാനയെ അടുത്ത മലിംഗയായി എല്ലാവരും വിലയിരുത്തുന്നതും. കേവലം സ്ലിങ്ങിഗ് ആക്ഷൻ മാത്രമല്ല, തനിക്ക് പന്തിൽ വലിയ രീതിയിൽ കൺട്രോളുമുണ്ട് എന്ന് തെളിയിക്കുകയാണ് പതിരാന ഇപ്പോൾ.