ഗ്രീൻ സെഞ്ച്വറിയിൽ മുംബൈ ഇന്ത്യൻസ് പ്ലേയോഫിനരികെ. സഞ്ജുപ്പടയും പുറത്ത്!!

നിർണായക മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് പ്ലേയോഫിലേക്ക്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്. ക്യാമറോൺ ഗ്രീനിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചത്.  ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ബാംഗ്ലൂർ ഗുജറാത്തിനെതിരെ വിജയിക്കാതിരുന്നാല്‍ 2023 ഐപിഎൽ പ്ലേയോഫിൽ സ്ഥാനം ലഭിക്കും. മാത്രമല്ല സഞ്ജു സാംസന്റെ രാജസ്ഥാൻ, മുംബൈയുടെ ഈ വിജയത്തോടെ ടൂർണമെന്റിന് പുറത്തായിട്ടുണ്ട്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ വിവ്രാന്ത് ശർമയും മായങ്ക് അഗർവാളും വമ്പൻ തുടക്കം തന്നെയാണ് ഹൈദരാബാദിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 140 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. ശർമ 47 പന്തുകളിൽ 69 റൺസ് നേടിയപ്പോൾ മായങ്ക് അഗർവാൾ 46 പന്തുകളിൽ 83 റൺസായിരുന്നു നേടിയത്. ഇരുവരുടെയും ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറുകളിൽ 200 റൺസ് സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ഓപ്പണർ ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ നഷ്ടമായി. 12 പന്തുകളിൽ 14 റൺസ് ആയിരുന്നു കിഷൻ നേടിയത്. എന്നാൽ ശേഷം രോഹിത് ശർമയും ഗ്രീനും ചേർന്ന് ഒരു വമ്പൻ കൂട്ടുകെട്ട് മുംബൈക്കായി കെട്ടിപ്പടുത്തു. ഗ്രീൻ താൻ നേരിട്ട ആദ്യ പന്ത് മുതൽ അടിച്ചു തകർക്കുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 128 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

മത്സരത്തിലുടനീളം മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലായ ക്യാമറോൺ ഗ്രീൻ 47  പന്തുകളിൽ 100 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. രോഹിത് ശർമ 37 പന്തുകളിൽ 56 റൺസ് നേടി മുംബൈയുടെ വിജയം അനായാസമാക്കി. ഒപ്പം നാലാമനായി ക്രീസിലേത്തിയ സൂര്യകുമാർ യാദവ്(1)കൂടി നിറഞ്ഞതോടെ മത്സരത്തിൽ അനായാസം മുംബൈ വിജയത്തിലെത്തുകയായിരുന്നു. എന്തായാലും മുംബൈയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയം തന്നെയാണ് വാങ്കഡേയിൽ പിറന്നിരിക്കുന്നത്. ഇനി മുംബൈക്ക് അടുത്ത മത്സരത്തിലെ ഫലത്തിനായി കാത്തിരിക്കാം.