മുംബൈ തീയിൽ വെന്തൊടുങ്ങി കൊൽക്കത്ത. ചരിത്രം ആവർത്തിക്കുന്ന തിരിച്ചുവരവ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 22ആം മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വാങ്കടേ സ്റ്റേഡിയത്തിലെ പിച്ചിന്റെ ആനുകൂല്യം പൂർണമായും ഉപയോഗിച്ചായിരുന്നു മുംബൈയുടെ പോരാട്ടം. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് മത്സരത്തിൽ ഈ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ആദ്യ മത്സരങ്ങളിൽ പരാജയത്തോടെ തുടങ്ങിയ മുംബൈയ്ക്ക് വളരെ ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി ഓപ്പണിങ് ബാറ്റർമാർ വലിയ സംഭാവന നൽകിയില്ല. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ അടിച്ചുതകർത്തതോടെ സ്കോർ കുതിക്കാൻ തുടങ്ങി. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും വെങ്കിടേഷ് ഒരു സൈഡിൽ കൂടാരം തീർക്കുകയായിരുന്നു. മത്സരത്തിൽ 49 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ വെങ്കിടേഷ് അയ്യർക്ക് സാധിച്ചു. ആറു ബൗണ്ടറികളും 9 പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് അവസാന ഓവറുകളിൽ 11 പന്തുകളില്‍ 21 റൺസ് നേടിയ ആൻഡ്ര റസൽ കൂടി അടിച്ചുതകർത്തതോടെ കൊൽക്കത്ത 185ന് 6 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.

20230416 173429

മറുപടി ബാറ്റിംഗിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാൻ കിഷനും മുംബൈയ്ക്ക് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ കൊൽക്കത്തയുടെ മേൽ സമ്മർദ്ദം വിതറാൻ മുംബൈ ബാറ്റർമാർ സാധിച്ചു. ഇഷാൻ കിഷൻ 25 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 58 റൺസ് ആയിരുന്നു നേടിയത്. രോഹിത് ശർമ മത്സരത്തിൽ 13 പന്തുകളിൽ 20 റൺസ് നേടി. മൂന്നാമനായിയെത്തിയ സൂര്യകുമാർ യാദവും നാലാമനായിയെത്തിയ തിലക് വർമ്മയും വാങ്കഡെയിൽ നിറഞ്ഞാടിയപ്പോൾ അനായാസം മുംബൈ വിജയത്തിലേക്ക് എത്തുകയായിരുന്നു. സൂര്യകുമാർ 25 പന്തുകളിൽ 43 റൺസ് നേടിയപ്പോൾ, തിലക് വർമ്മ 25 പന്തുകളിൽ 30 റൺസ് ആണ് നേടിയത്.

മത്സരത്തിൽ 14 പന്തുകൾ ശേഷിക്കെ 5 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഈ വിജയം പോയിന്റ്സ് ടേബിളിൽ മുംബൈയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്. 2023 ഐപിഎല്ലിൽ ഇതുവരെ നാലു മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസ് കളിച്ചിട്ടുള്ളത്. ഇതിൽ രണ്ടു മത്സരങ്ങളിൽ വിജയിക്കുകയും രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മറുവശത്ത് കൊൽക്കത്ത അഞ്ചു മത്സരങ്ങളിൽ നിന്നാണ് രണ്ടു മത്സരങ്ങൾ വിജയിച്ചിരിക്കുന്നത്. വരും മത്സരങ്ങളിൽ ഈ പോരായ്മകൾ മറികടന്ന് വിജയവഴിയിലേക്ക് കൊൽക്കത്തയ്ക്ക് മടങ്ങി വരേണ്ടതുണ്ട്.

Previous articleമുംബൈക്കെതിരെ 49 പന്തുകളിൽ സെഞ്ച്വറി. വെങ്കിടേഷ് അയ്യർ റിട്ടേൺസ്.
Next articleക്യാച്ച് എടുക്കാൻ കൂട്ടിയിടി. സഞ്ജുവും ഹെറ്റ്മെയറും നിലത്ത്. ബോൾട്ടിന്റെ സമയോചിത ഇടപെടൽ.