ലക്നൗ സൂപ്പർ ജയന്റ്സിനെ തൂത്തെറിഞ്ഞ് പഞ്ചാബിന് അത്യുഗ്രൻ വിജയം. ഐപിഎല്ലിന്റെ 21ആമത്തെ മത്സരത്തിൽ 2 വിക്കറ്റുകൾക്കാണ് പഞ്ചാബ് ലക്നൗ ടീമിനെ പരാജയപ്പെടുത്തിയത്. സാം കരന്റെ തകർപ്പൻ ബോളിംഗ് മികവും, സിക്കന്ദർ റാസയുടെ ബാറ്റിംഗ് മികവുമാണ് മത്സരത്തിൽ പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്. ശിഖർ ധവാനടക്കമുള്ള വമ്പൻ താരനിരയില്ലാത്ത കളത്തിലിറങ്ങിയ പഞ്ചാബിന് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നൗവിനായി ഓപ്പണർമാരായ രാഹുലും മേയേഴ്‌സും(29) നല്ല തുടക്കം തന്നെ നൽകുകയുണ്ടായി. ആദ്യ വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. മേയേഴ്സ് പുറത്തായ ശേഷവും രാഹുൽ ക്രീസിലുറച്ചു. മത്സരത്തിൽ 56 പന്തുകളിൽ 74 റൺസായിരുന്നു രാഹുൽ നേടിയത്. എന്നാൽ പഞ്ചാബിന്റെ മധ്യനിര കൃത്യമായ സംഭാവന നൽകുന്നതിൽ മത്സരത്തിൽ പരാജയപ്പെടുകയുണ്ടായി. വമ്പൻ പ്രതീക്ഷയോടെയെത്തിയ പൂറനും(0) സ്റ്റോയിനിസും(15) ഗൗതവും(1) അടങ്ങുന്ന മധ്യനിര മത്സരത്തിൽ അമ്പേ പരാജയപ്പെട്ടു. ഇതോടെ ലക്നൗവിന്റെ ഇന്നിങ്സ് കേവലം 159 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമല്ല പഞ്ചാബിനും ലഭിച്ചത്. ഓപ്പൺമാരായ അഥർവ്വയും(0) പ്രഭസിമ്രാനും(4) തുടക്കത്തിൽ തന്നെ കൂടാരം കയറി. എന്നാൽ മൂന്നാമനായിറങ്ങിയ മാത്യു ഷോർട്ട്(34) പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഒപ്പം സിക്കന്ദർ റാസയും കളം നിറഞ്ഞതോടെ പഞ്ചാബ് വിജയത്തിലേക്ക് കുതിച്ചു. റാസ 41 പന്തുകളിൽ 57 റൺസ് ആണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ(23) മികച്ച ഫിനിഷിംഗ് നടത്തിയതോടെ പഞ്ചാബ് മത്സരത്തിൽ 2വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് 2023ൽ അഞ്ചു മത്സരങ്ങൾ കളിച്ച പഞ്ചാബ് മൂന്നു മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. രണ്ടു മത്സരങ്ങളിലാണ് പഞ്ചാബ് തോൽവി അറിഞ്ഞിരിക്കുന്നത്. മറുവശത്ത് ലക്നൗവിനും മികച്ച തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരുന്നത്. നിലവിൽ അഞ്ചുമത്സരങ്ങളിൽ മൂന്നെണ്ണത്തിലും ലക്നൗ വിജയം കണ്ടിട്ടുണ്ട്. എന്തായാലും ഇരു ടീമുകൾക്കും ഒരുപാട് പോസിറ്റീവുകൾ എടുത്തുപറയാൻ സാധിക്കുന്ന മത്സരമാണ് ലക്നൗവിൽ നടന്നത്.