ഗുജറാത്ത് ടൈറ്റൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ ഏറ്റവും പ്രധാന ഘടകമായി മാറിയത് സഞ്ജു സാംസന്റെ സിക്സറുകളായിരുന്നു. ഇന്നിംഗ്സിൽ ആറ് സിക്സറുകളാണ് സഞ്ജു നേടിയത്. ഇതിൽ നാലെണ്ണവും സഞ്ജു നേടിയത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളറായ റാഷിദ് ഖാനെതിരെയാണ്. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ തുടർച്ചയായി റാഷിദിനെ മൂന്നുതവണ സഞ്ജു ബൗണ്ടറി കടത്തുകയുണ്ടായി. ഇതിനുശേഷം മത്സരത്തിലെ മൊമെന്റം പൂർണമായും രാജസ്ഥാന്റെ പക്ഷത്തേക്ക് എത്തുകയായിരുന്നു. സഞ്ജുവിന്റെ ഈ ഹാട്രിക് സിക്സറുകളെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ടീമിന്റെ കോച്ച് കുമാർ സംഗക്കാര ഇപ്പോൾ.
റാഷിദ് ഖാനെതിരെ സഞ്ജു നേടിയ 3 സിക്സറുകളാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത് എന്ന് സംഗക്കാര പറഞ്ഞു. “പവർപ്ലേക്ക് ശേഷം നമുക്കാവശ്യം വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. റാഷിദ് ഖാന്റെ ആ ഓവറിൽ നിന്നാണ് നമ്മൾ ആരംഭിച്ചത്. അതായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. റാഷിദ് അവരുടെ ഏറ്റവും മികച്ച ബോളറാണ്. ലോക ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് റാഷിദ്. പക്ഷേ സഞ്ജുവിന്റെ മുൻപിൽ റാഷിദ് പതറി. ഇത് കാണിക്കുന്നത് നമ്മൾ മത്സരത്തിൽ പൂർണ്ണമായും ഉള്ളപ്പോൾ, എന്തും നമുക്ക് ചെയ്യാൻ സാധിക്കും എന്നതാണ്.”- കുമാർ സംഗക്കാര പറയുന്നു.
മാത്രമല്ല ഏതു ബോളറാണെങ്കിലും ആ സമയത്ത് അത്തരത്തിലാണ് നേരിടേണ്ടത് എന്നും സംഗക്കാര പറയുകയുണ്ടായി. ബോളറെ നോക്കിയല്ല പകരം ബോളിനെ നോക്കിയാണ് കളിക്കേണ്ടത് എന്നാണ് സംഗക്കാര പറഞ്ഞത്. “റാഷിദ് ഖാനായാലും ഷെയ്ൻ വോണായാലും മുത്തയ്യാ മുരളീധരനായാലും വലിയ വ്യത്യാസമില്ല. നമ്മൾ പൂർണ്ണമായും ഗെയിമിൽ ആയിരിക്കുമ്പോൾ ഈ പേരുകളൊന്നും നമ്മൾ കണക്കിലെടുക്കേണ്ട കാര്യമില്ല. നമ്മൾ കളിക്കേണ്ടത് ബോളിനെ നോക്കിയാണ്, അല്ലാതെ ബോളെറിയുന്ന ആളെ നോക്കിയല്ല.”- കുമാർ സംഗക്കാര കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇന്നിംഗ്സിൽ 29 പന്തുകളിൽ നിന്ന് തന്റെ അർധസെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസാണ് സഞ്ജു സാംസൺ നേടിയത്. 3 ബൗണ്ടറികളും 6 പടുകൂറ്റാൻ സിക്സറുകളുമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജുവിനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഉണ്ടായത്