കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്തിനെ തേടിയെത്തിയത്. ഗുജറാത്തിനായി ബാറ്റിംഗിൽ വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയപ്പോൾ ബോളിങ്ങിൽ മുഹമ്മദ് ഷാമിയും ജോഷുവ ലിറ്റിലും നൂർ അഹ്മദും മികവ് പുലർത്തുകയായിരുന്നു. ഗുജറാത്തിന്റെ സീസണിലെ ആറാം വിജയമാണ് പിറന്നത്. ഇതോടെ ഗുജറാത്ത് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നൽകിയത്. എന്നാൽ കൃത്യമായി സമയത്ത് ഓപ്പണർ ജഗദീശ്വരനെ(19) വീഴ്ത്താൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. പിന്നാലെ താക്കൂറും(0) വെങ്കിടേഷ് അയ്യരുമൊക്കെ(11) കൂടാരം കയറി.എന്നാൽ ഒരു വശത്ത് ഓപ്പണർ ഗുർബാസ് ഉറച്ചു നിൽക്കുകയായിരുന്നു. മത്സരത്തിൽ ഗുർബാസ് 39 പന്തുകളിൽ 81 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ അഞ്ചു ബൗണ്ടറികളും ഏഴ് സിക്സറുകളും ഉൾപ്പെട്ടു. ഗുർബാസിനൊപ്പം അവസാന ഓവറുകളിൽ ആൻഡ്രെ റസലും വെടിക്കെട്ട് തീർത്തു. റസൽ മത്സരത്തിൽ 19 പന്തുകളിൽ 34 റൺസ് നേടി. ഇതോടെ കൊൽക്കത്തയുടെ സ്കോർ 179 റൺസിൽ എത്തുകയായിരുന്നു.
മറുപടിയിൽ ബാറ്റിങ്ങിൽ വളരെ സൂക്ഷിച്ച് തന്നെയാണ് ഗുജറാത്ത് ആരംഭിച്ചത്. എന്നാൽ ഓപ്പണർ സാഹയേ(10) തുടക്കത്തിലെ നഷ്ടമായി. പിന്നീട് ഹർദിക്ക് പാണ്ട്യയും ഗില്ലും ക്രീസിൽ ഉറയ്ക്കുന്നതാണ് കണ്ടത്. വളരെ വലിയ രീതിയിൽ സ്കോറിങ് ഉയർത്തി ഇരുവരും മുന്നോട്ടു നീങ്ങി. മത്സരത്തിൽ 35 പന്തുകളില്‍ 49 റൺസ് ആണ് ഗിൽ നേടിയത്. ഇന്നിങ്സിൽ 8 ബൗണ്ടറികൾ ഉൾപ്പെട്ടു. ശേഷം നായകൻ പാണ്ഡ്യ 20 പന്തുകളിൽ 26 റൺസും നേടുകയുണ്ടായി. പിന്നീട് ഇന്ത്യൻ മധ്യ ഓവറുകളിൽ ഗുജറാത്തിനു മേൽ സമ്മർദ്ദം ചെലുത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചു.
പക്ഷേ അവസാന ഓവറുകളിലേക്ക് അടുത്തപ്പോൾ ഡേവിഡ് മില്ലറും വിജയ് ശങ്കറും കൊൽക്കത്തൻ ബോളിങ് നിരയ്ക്ക് മേൽ നിറഞ്ഞാടാൻ തുടങ്ങി. കൊൽക്കത്തയുടെ സ്പിന്നർമാരെ അവസാന ഓവറുകളിൽ അടിച്ചു തൂക്കുന്നതിൽ വിജയ് ശങ്കർ മികച്ചുനിന്നു. ശങ്കർ മത്സരത്തിൽ 24 പന്തുകളിൽ 51 റൺസ് ( 2 ഫോറും 5 സിക്സും) ആണ് നേടിയത്. മില്ലർ മത്സരത്തിൽ 18 പന്തുകളിൽ 32 റൺസ് നേടി. ഇരുവരുടെയും തകർപ്പൻ ഫിനിഷിംഗിന്റെ ബലത്തിൽ ഗുജറാത്ത് മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം നേടുകയായിരുന്നു.