കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഈഡൻ ഗാർഡൻസിൽ അടിച്ചൊതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്. റൺ മഴ പെയ്ത മത്സരത്തിൽ 49 റൺസിന്റെ വിജയമാണ് ചെന്നൈ മത്സരത്തിൽ നേടിയത്. മുൻനിര ബാറ്റർമാരുടെ വെടിക്കെട്ടായിരുന്നു ചെന്നൈയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ചെന്നൈ നിരയിലെ എല്ലാ ബാറ്റർമാരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചപ്പോൾ കൊൽക്കത്തയ്ക്ക് ഉത്തരമില്ലാതെയാവുന്നതാണ് കണ്ടത്. ടൂർണമെന്റിലെ ചെന്നൈയുടെ അഞ്ചാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്. ഇതോടെ ചെന്നൈ പോയിന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വളരെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. 20 പന്തുകളിൽ 35 റൺസെടുത്ത ഋതുരാജും 40 പന്തുകളിൽ 56 റൺസെടുത്ത കോൺവെയും ചേർന്ന് കൊൽക്കത്തയെ ആദ്യ ഓവറുകളിൽ വരിഞ്ഞുമുറുകുന്നതാണ് കണ്ടത്. ശേഷം മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെയും മത്സരത്തിൽ നിറഞ്ഞാടിയതോടെ ചെന്നൈ മികച്ച സ്കൊറിലേക്ക് കുതിച്ചു. രഹാനെ 29 പന്തുകളിൽ 6 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 71 റൺസാണ് മത്സരത്തിൽ നേടിയത്. ഒപ്പം ശിവം ദുബെയും മികച്ച പിന്തുണ നൽകി. 21 പന്തുകളിൽ 50 റൺസായിരുന്നു ദുബെയുടെ സംഭാവന. അവസാന ഓവറുകളിൽ 8 പന്തുകളിൽ 18 റൺസുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞതോടെ മത്സരത്തിൽ ചെന്നൈ 235 എന്ന വമ്പൻ സ്കൊറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ വിചാരിച്ച തുടക്കമായിരുന്നില്ല കൊൽക്കത്തക്ക് ലഭിച്ചത്. ഓപ്പൺ സുനിൽ നരേയ്നെയും(0) ജഗദീശനെയും(1) കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. വെങ്കിടേഷ് അയ്യരും(20) നിതീഷ് റാണയും(26) ക്രീസിലുറച്ചെങ്കിലും സ്കോറിങ് റൈറ്റ് ഉയർത്താൻ സാധിച്ചില്ല. പിന്നീട് അഞ്ചാമനായി ജേസൻ റോയ് ക്രീസിലെത്തിയതോടെയാണ് കൊൽക്കത്ത മത്സരത്തിലേക്ക് തിരികെ വന്നത്. ചെന്നൈ ബോളർമാരെ നാലുപാടും പായിക്കാൻ റോയ്ക്ക് സാധിച്ചു. റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് റോയ് കൊൽക്കത്തക്കായി പട പൊരുതുകയായിരുന്നു. മത്സരത്തിൽ 26 പന്തുകളിൽ 61 റൺസാണ് ജേസൺ റോയ് നേടിയത്.
എന്നാൽ ജേസൺ റോയ് പുറത്തായതിനു ശേഷം കൊൽക്കത്ത തകർന്നടിയുകയായിരുന്നു. ഒരുവശത്ത് റിങ്കു സിങ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 53 റൺസാണ് റിങ്കു നേടിയത്. എന്നാൽ ഈ ഇന്നിംഗ്സിനും കൊൽക്കത്തയെ രക്ഷിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 49 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.