റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ദയനീയമായി പരാജയമറിഞ്ഞതോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിയിട്ടുണ്ട്. മത്സരത്തിൽ 112 റൺസിന്റെ ഭീമകാരമായ പരാജയമായിരുന്നു രാജസ്ഥാനെ തേടിയെത്തിയത്. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാ ടീമുകളും ഒന്നിനൊന്ന് ശക്തരായതിനാൽ തന്നെ ഇനിയും രാജസ്ഥാന് പ്ലെയോഫിലേത്തുക എന്നത് ഭാഗ്യത്തിന്റെ മാത്രം കളിയാണ്. ഒരുപാട് റിസൾട്ട്കൾ തങ്ങൾക്ക് അനുകൂലമായി വന്നാൽ മാത്രമേ രാജസ്ഥാന് ഇനി പ്രതീക്ഷയുള്ളൂ. അല്ലാത്തപക്ഷം രാജസ്ഥാന്റെ ഈ സീസൺ അടുത്ത മത്സരത്തോടെ അവസാനിക്കും. എന്തായാലും ഇനി രാജസ്ഥാനുള്ള സാധ്യതകൾ പരിശോധിക്കാം.
ആദ്യമായി രാജസ്ഥാൻ ചെയ്യേണ്ട കാര്യം അടുത്ത മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കുക എന്നതാണ്. ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് ബാക്കി പ്രതീക്ഷകൾ ഉള്ളൂ. നിലവിൽ മുംബൈ ഇന്ത്യൻസ് 14 പോയിന്റുകളും ലക്നൗ സൂപ്പർ ജയന്റ്സ് 13 പോയിന്റുകളും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ 12 പോയിന്റുകളും സൺറൈസേഷൻ ഹൈദരാബാദ് 8 പോയിന്റ്കളും നേടിയിട്ടുണ്ട്. ഈ ടീമുകൾക്കൊക്കെയും പ്ലേയോഫ് പ്രതീക്ഷകൾ നിലനിൽക്കുന്നു.
പഞ്ചാബിനെതിരായ മത്സരം വലിയ മാർഗ വിജയിക്കാൻ സാധിച്ചാൽ രാജസ്ഥാന് പ്രതീക്ഷകൾ ഉയരും. എന്നാൽ ലക്നൗ സൂപ്പർ ജയന്റ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരായ മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരത്തിൽ മുംബൈ പരാജയപ്പെടേണ്ടതുണ്ട്. ഇതിനോടൊപ്പം ലക്നൗ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും പരാജയമറിയണം. ശേഷം ബാംഗ്ലൂർ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും പരാജയപ്പെടണം. ബാംഗ്ലൂരിന് അവശേഷിക്കുന്നത് ഹൈദരാബാദ്, ഗുജറാത്ത് എന്നീ ടീമുകൾക്കെതിരായ മത്സരമാണ്. ഇതിനൊപ്പം ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ സാധ്യമായാൽ മാത്രമേ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാന് പ്ലേയോഫിലെത്താൻ സാധിക്കൂ.
എന്നാൽ ഇത്രയും റിസൾട്ട് തങ്ങൾക്ക് അനുകൂലമായി വരാൻ രാജസ്ഥാന് ചെറിയ ഭാഗ്യം ഒന്നും പോര. കാരണം അത്രമാത്രം കരുത്തരാണ് ടീമുകളൊക്കെയും. എല്ലാവരും തങ്ങളുടെ സ്ഥാനത്തിനായി അങ്ങേയറ്റം വാശിയോടെ പോരാടുമെന്നതിനാൽ തന്നെ ഈ റിസൾട്ട് എത്ര അനുകൂലമായി വരാൻ സാധ്യത തീരെ കുറവാണ്. എന്നിരുന്നാലും പ്രതീക്ഷകൾ രാജസ്ഥാന് അവസാനിച്ചിട്ടില്ല. ഇനിയുള്ള മത്സരഫലങ്ങൾ രാജസ്ഥാനെ വലിയ രീതിയിൽ സ്വാധീനിക്കും.