ഐപിഎല്ലിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടമാണ്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്, മറ്റൊരു മികച്ച ടീമായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. 2022 ഐപിഎല്ലിന്റെ ഫൈനലിൽ ഇരു ടീമുകളും തമ്മിൽ പോരാടിയിരുന്നു. അന്ന് ഗുജറാത്തിനായിരുന്നു വിജയം. എന്നാൽ അതിനൊരു മറുപടി നൽകുക എന്ന ഉദ്ദേശത്തോടെയാണ് രാജസ്ഥാൻ റോയൽസ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. നിലവിൽ നാലു മത്സരങ്ങൾ കളിച്ച രാജസ്ഥാൻ മൂന്ന് മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. മാത്രമല്ല വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്സിനോട് വിജയിച്ചാണ് രാജസ്ഥാൻ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
മറുവശത്ത് ടൈറ്റൻസും നാലു മത്സരങ്ങളിൽ മൂന്ന് എണ്ണത്തിലും വിജയിച്ചിട്ടുണ്ട്. നിലവിൽ പോയിന്റ്സ് ടേബിൾ മൂന്നാം സ്ഥാനത്താണ് ടൈറ്റൻസ്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെയായിരുന്നു അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വലിയ മാറ്റങ്ങളില്ലാതെ തന്നെ ഇറങ്ങാനാണ് രാജസ്ഥാൻ റോയൽസ് ശ്രമിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്റെ സ്റ്റാർ ബോളറായ ട്രെൻഡ് ബോൾട്ട് കളിച്ചിരുന്നില്ല. എന്നാൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ബോൾട്ട് ടീമിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കിൽ മത്സരത്തിൽ ജയിസ്വാളും ബട്ലറും തന്നെയാവും ഓപ്പണിങ് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത പടിക്കൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതിനാൽ തന്നെ ഗുജറാത്തിനെതിരെയും പടിക്കൽ മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. നാലാം നമ്പറിൽ സഞ്ജു സാംസൺ തന്നെ കളിക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും, നിലവിൽ വമ്പൻ തിരിച്ചുവരവിന് സാധിക്കുന്ന ക്രിക്കറ്ററാണ് സഞ്ജു. ഒപ്പം അഞ്ചാം നമ്പറിൽ ഷിമ്റോൺ ഹെറ്റ്മായറും ആറാം നമ്പരിൽ ധ്രുവ് ജുറലുമാവും മത്സരത്തിലിറങ്ങുന്നത്.
ബോളിംഗ് വിഭാഗത്തിലും വമ്പൻ ശക്തി തന്നെയാണ് രാജസ്ഥാൻ റോയൽസ്. ട്രെൻഡ് ബോൾട്ട് നയിക്കുന്ന ബോളിഗ് നിര അങ്ങേയറ്റം ശക്തിപാപിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ മുന്നിൽ നിർത്തി സന്ദീപ് ശർമ ഒരു തകർപ്പൻ വിജയമാണ് രാജസ്ഥാന് നൽകിയത്. അതിനാൽ തന്നെ സന്ദീപ് ശർമയും ജയ്സൺ ഹോൾഡറും ട്രെൻഡ് ബോൾട്ടും മത്സരത്തിൽ പേസ് സാന്നിധ്യങ്ങളാവും. ഒപ്പം രവിചന്ദ്രൻ അശ്വിനും ചാഹലും സ്പിൻ വിഭാഗവും കൈകാര്യം ചെയ്യും. എല്ലാം കൃത്യമായി നടന്നാൽ മത്സരത്തിൽ രാജസ്ഥാൻ വിജയിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ട്. എന്തായാലും ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമിനെ കണ്ടെത്താനുള്ള ഒരു മത്സരം കൂടിയാണ് അഹമ്മദാബാദിൽ നടക്കുന്നത്. രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്.