ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും മാത്രമാണ് നിലവിൽ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഒരുപാട് പോരായ്മകളോടെ ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് 2023 സീസൺ ആരംഭിച്ചത്. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച നായകത്വത്തിന്റെ ബലത്തിൽ പോരായ്മകൾ മറികടന്ന് ചെന്നൈ കിരീടം സ്വന്തമാക്കുകയാണ് ഉണ്ടായത്. ചെന്നൈയുടെ മുഴുവൻ അന്തരീക്ഷത്തിൽ ധോണി എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ കോച്ച് മൈക്കിൾ ഹസി ഇപ്പോൾ.
മറ്റുള്ള യുവ കളിക്കാരെ പ്രാപ്തരാക്കിയെടുക്കാൻ ധോണിയെ കഴിഞ്ഞിട്ടേ മറ്റൊരാൾ ഉള്ളൂ എന്നാണ് മൈക്കിൾ ഹസീ മത്സരശേഷം പറഞ്ഞത്. “ധോണിയൊരു അവിശ്വസനീയ മനുഷ്യൻ തന്നെയാണ്. യുവതാരങ്ങളുടെ സമ്മർദ്ദം ഇല്ലായ്മ ചെയ്യാൻ ധോണിക്ക് സാധിക്കും. അത് അദ്ദേഹത്തിന്റെ വലിയൊരു ബലം തന്നെയാണ്. ആദ്യ ക്വാളിഫയറിൽ അതിന് വലിയൊരു ഉദാഹരണം തന്നെ കാണുകയുണ്ടായി. മത്സരത്തിൽ സേനാപതി ഒരു ക്യാച്ച് കൈവിട്ടിരുന്നു. ശേഷം മഹേന്ദ്ര സിംഗ് ധോണി സേനാപതിയുടെ അടുത്തു ചെല്ലുകയും ശാന്തനായി നിൽക്കാൻ പറയുകയും ചെയ്തു. പിന്നീട് രണ്ടു പന്തുകൾക്ക് ശേഷം സേനാപതി ഒരു വലിയ റൺഔട്ട് സൃഷ്ടിച്ചിരുന്നു. ഇത് ധോണിയുടെ പ്രത്യേകതയാണ്.”- ഹസി പറഞ്ഞു.
“തന്ത്രപരമായി ധോണി വളരെ സ്മാർട്ട് ആണ്. ധോണിയും ഫ്ലെമിങ്ങും വളരെ മികച്ച രീതിയിൽ തന്നെ ടീമിനെ ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. ഇരുവരുടെയും അനുഭവസമ്പത്തിന്റെ ബലം ടീമിന് നല്ലത് ചെയ്യുന്നു. ധോണി വളരെ ശാന്തനും ക്ഷമാശീലനുമാണ്. മത്സരത്തിൽ റായുഡുവിന്റെ ഇന്നിംഗ്സും വളരെ നിർണായകമായി മാറിയിരുന്നു. റായുഡു കളിച്ച ചില ഷോട്ടുകൾ, അത്തരം സ്ലോ ബോളുകളിൽ മറ്റൊരു ബാറ്റർക്ക് കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.”- ഹസി കൂട്ടിച്ചേർത്തു.
ഫൈനലിൽ ഒരു അവിസ്മരണീയമായ പോരാട്ടവീര്യം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവച്ചതെന്നും ഹസി പറയുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ നിറഞ്ഞാടിയ ജഡേജയെ പ്രശംസിക്കാനും ഹസി മറന്നില്ല. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചു വളരെ അഭിമാനകരമായ നിമിഷം തന്നെയാണ് കടന്നു പോയിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ മികച്ച ബോളിംഗ് നിരയില്ല എന്ന പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ടീം കിരീടമുയർത്തി നിൽക്കുമ്പോൾ മഹേന്ദ്ര സിംഗ് ധോണി എന്ന പേര് തന്നെയാണ് അലയടിക്കുന്നത്.