അങ്ങനെ ആവേശോജ്ജ്വലമായ 73 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് കലാശ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം ഗുജറാത്തോ ചെന്നൈയോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം അവശേഷിക്കുന്നത്. ഇന്ന് വൈകുന്നേരം 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ക്വാളിഫയർ ഒന്നിൽ ഗുജറാത്തിനെതിരെ മികച്ച വിജയം നേടിയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ലീഗിന്റെ ഫൈനലിൽ എത്തിയത്. ഗുജറാത്ത് ചെന്നൈക്കെതിരെ ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം ക്വാളിഫയറിൽ മുംബൈക്കെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഫൈനലിൽ ഇടം കണ്ടെത്തുകയായിരുന്നു.
ഫൈനൽ മത്സരത്തിൽ എല്ലാവരും ഉറ്റു നോക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയെ തന്നെയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി അഞ്ചാം കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി. ഇത്തവണത്തോടെ ധോണി തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ അവസാന മത്സരത്തിൽ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ മറുവശത്ത് ഗുജറാത്ത് ടൈറ്റൻസും കഴിഞ്ഞ രണ്ടു സീസണുകളിലും നിലവാരമുള്ള പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായിരുന്നു ഗുജറാത്ത് ടൈറ്റൻസ്.
പ്രധാനമായും ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗാണ് മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ ഒരു തകർപ്പൻ ഇന്നിങ്സാണ് ഗിൽ കാഴ്ചവെച്ചത്. 60 പന്തുകളിൽ 129 റൺസായിരുന്നു ഗിൽ നേടിയത്. ഫൈനലിലും ഗിൽ ഇത്തരത്തിൽ മികവ് പുലർത്തിയാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം സായി സുദർശൻ, ഹർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര കൂടിച്ചേരുന്നതോടെ ഗുജറാത്ത് ശക്തരാവും. ബോളിങ്ങിൽ മുഹമ്മദ് ഷാമി, റാഷിദ് ഖാൻ, നൂറ് അഹമ്മദ്, മോഹിത് ശർമ എന്നിവരാണ് ഗുജറാത്തിന്റെ ശക്തി.
മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് ഓപ്പണിങ് ബാറ്റർമാരാണ് പ്രധാന ഘടകമായി മാറാറുള്ളത്. ഋതുരാജും കോൺവെയും ചെന്നൈക്കായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച തുടക്കം തന്നെ നൽകിയിട്ടുണ്ട്. മധ്യ ഓവറുകളിൽ ശിവം ദുബെയാണ് സ്കോറിങ്ങ് ഉയര്‍ത്തുന്നത്. ഒപ്പം ജഡേജയും ധോണിയുമടങ്ങുന്ന ഫിനിഷിംഗ് നിര ചെന്നൈക്ക് ശക്തി പകരുന്നു. ബോളിങ്ങിൽ ചെന്നൈ നിരയിൽ എല്ലാവരും ഉറ്റുനോക്കുന്നത് പതിരാനയിലേക്കാണ്. ഒപ്പം ദീപക് ചാഹറും രവീന്ദ്ര ജഡേജയും ചെന്നൈയുടെ ബോളിങ്ങിന് ശക്തിയാണ്. എന്തായാലും കരുത്തന്മാരായ ഇരു ടീമുകളും മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ മത്സരം കടുപ്പമാകും എന്നത് ഉറപ്പാണ്.