ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 189 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോൽവി . സീസണിലെ തുടർച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയ ധോണിപ്പട കുതിപ്പ് ആവർത്തിച്ചു .മോയിന്‍ അലിയും രവീന്ദ്ര ജഡേജയും മത്സരത്തില്‍ സ്പിൻ ബൗളിങാൽ പിടിമുറുക്കിയപ്പോള്‍ ജോസ് ബട്‍ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. മോയിൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ജോസ് ബട്ട്ലറുടെ വിക്കറ്റ് അടക്കം 2 വിക്കറ്റ് വീഴ്ത്തി .
35 പന്തില്‍ 49 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റ് രവീന്ദ്ര ജഡേജ വീഴ്ത്തിയ ശേഷം ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ് എന്നിവരെ തന്റെ അടുത്തടുത്ത ഓവറുകളില്‍ വീഴ്ത്തി മോയിന്‍ അലിയും ഗംഭീര പ്രകടനം പുറത്തെടുത്തു .നായകൻ സഞ്ജു സാംസൺ ഉൾപ്പെടുന്ന ബാറ്റിംഗ് നിര പൂർണ്ണമായി ഇന്നലെ ബാറ്റിങ്ങിൽ നിരാശപെടുത്തിയപ്പോൾ 95/7 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ പരാജയത്തിന്റെ ഭാരം കുറച്ചത് എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 42 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടായിരുന്നു. വമ്പൻ ഷോട്ടുകൾ പായിച്ച ഇരുവർക്കും പക്ഷേ ടീമിനെ വിജയത്തിൽ എത്തിക്കുവാൻ കഴിഞ്ഞില്ല .
എന്നാൽ മത്സരത്തിൽ ഏറ്റവും തിളങ്ങിയത് ആൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് .ബാറ്റിങ്ങിൽ 8 റൺസ് മാത്രമെടുത്ത താരം ബാറ്റിങ്ങിൽ തിളങ്ങുവാൻ കഴിയാത്തതിന്റെ മുഴുവൻ ക്ഷീണം ഫീൽഡിങ്ങിലും ബൗളിങ്ങിലും തീർത്തു . ബൗളിങ്ങിൽ 4 ഓവറിൽ 28 റൺസ് മാതരം വഴങ്ങി 2 വിക്കറ്റാണ് താരം വീഴ്ത്തിയത്. അതേസമയം ഫീൽഡിങ്ങിൽ താരം 4 നിർണായക ക്യാച്ചുകളാണ് ഭദ്രമാക്കിയത്. അവസാന ക്യാച്ച് വ്യത്യസ്തമായ രീതിയിലാണ് ജഡേജ ആഘോഷമാക്കിയത്. കൈ കൊണ്ട് 4 എന്ന് കാണിച്ച ശേഷം കോൾ ചെയ്യുന്ന രൂപത്തിലായിരുന്നു ഈ ആഘോഷം. 4 ക്യാച്ചുകളും അനായാസം കൈപിടിയിലൊതുക്കിയ താരത്തെ ക്രിക്കറ്റ് ആരാധകരും ഏറെ അഭിനന്ദിച്ചു.