ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ബൗളിംഗ് പ്രകടനം കാഴ്ചവെക്കുന്ന ഫാസ്റ്റ് ബൗളറായി മാറിയിരിക്കുകയാണ് റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം മുഹമ്മദ് സിറാജ് .ഇത്തവണത്തെ ഐപിഎലിൽ 50ലേറെ ഡോട്ട് ബോളുകൾ ഇതുവരെ എറിഞ്ഞ് കഴിഞ്ഞ താരം നായകൻ വിരാട് കോഹ്ലിയുടെ വിശ്വസ്ത ബൗളറായി കഴിഞ്ഞു .മിന്നുന്ന ബൗളിംഗ് പ്രകടനം തുടരുന്ന സിറാജിനെ ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുമ്രയോട് ഉപമിച്ച് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ രംഗത്തെത്തി .
കഴിവിന്റെ കാര്യത്തിൽ സിറാജ് സ്റ്റാർ പേസർ ബുമ്രയേക്കാൾ ഒരുപടി മുന്നിലാണ് എന്ന് നെഹ്റയുടെ അഭിപ്രായം .”പ്രതിഭയും കഴിവും വെച്ചു നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്നോ നാലോ വർഷമായി എല്ലാവരും ഏറെ ബുമ്രയെപ്പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ 3 ഫോർമാറ്റിലും സിറാജ് ബുംറയേക്കാൾ ഒട്ടും പിന്നിലല്ല എന്നതാണ് സത്യം.മുൻപ്
ഇന്ത്യൻ എ ടീമിനായി ഓരോ മത്സരങ്ങളിലും അഞ്ചോ ആറോ വിക്കറ്റ് വീതം വീഴ്ത്തുന്ന സിറാജിനെ നമ്മുക്ക് അറിയാം .ചുവന്ന പന്തിൽ മികവ് കാട്ടാൻ കഴിയുന്നൊരു ബൗളർക്ക് വെള്ളപ്പന്തിലും മികവ് കാട്ടാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു .എന്നാൽ പലപ്പോഴും അത്തരക്കാരെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്കാണ് ടീം തിരഞ്ഞെടുക്കുന്നത് .സിറാജ് അത്തരത്തിലൊരു ബൗളറല്ല. എല്ലാ ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള ബൗളിങ്ങിൽ ഒരുപാട് വ്യത്യസ്തകളും സ്വന്തമായുള്ള ഒരു ബൗളറാണ് അദ്ദേഹം ” ആശിഷ് നെഹ്റ വാചാലനായി .
“മികച്ച സ്ലോ ബോളും കൃത്യതയാർന്ന യോർക്കറുകളും എറിയുവാൻ കഴിവുള്ള സിറാജിന് അതിവേഗം പുതിയ പന്തും പഴയ പന്തും ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും കൈവശമുണ്ട് . കായികക്ഷമതയും അതുപോലെ മികച്ച ഏകാഗ്രതയും നിലനിർത്താനാണ് സിറാജ് ഇനി ശ്രമിക്കേണ്ടത്. ഇതു രണ്ടും നേടാനായാൽ ആകാശത്തോളം ഉയരാൻ സിറാജിനാവും .അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല .കഴിവിന്റെ കാര്യത്തിൽ ബുമ്രയെക്കാൾ കേമനാണ് സിറാജ് ” നെഹ്റ പറഞ്ഞുനിർത്തി .
ഇത്തവണത്തെ ഐപിൽ സീസണിൽ ടീം മാനേജ്‌മെന്റിനെ സന്തോഷിപ്പിക്കുന്ന ബൗളിംഗ് പ്രകടനമാണ് സിറാജ് കാഴ്ചവെക്കുന്നത് .മുംബൈക്കെതിരെ 4- -0-22-0, ഹൈദരാബാദിനെതിരെ 4-1-25-2, കോൽക്കത്തക്കെതിരെ 3-0-17-0, രാജസ്ഥനെതിരെ 4-0-27-3 എന്നിങ്ങനെയാണ് താരത്തിന്റെ ബൗളിംഗ് പ്രകടനങ്ങൾ .