IPL 2021: ഉദ്ഘാടന മത്സരം അവസാന പന്ത് വരെ. ആദ്യ വിജയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടി.

2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ഏബി ഡീവില്ലേഴ്സാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്.

ഒരു ഘട്ടത്തില്‍ 98 ന് 3 എന്ന നിലയില്‍ നിന്നും 122 ന് 6 എന്ന നിലയിലേക്ക് മുംബൈ ഇന്ത്യന്‍സ് മത്സരം തിരിച്ചു പിടിച്ചു. നേരത്തെ വീരാട് കോഹ്ലി (33), ഗ്ലെന്‍ മാക്സ്വെല്‍ (39) എന്നിവര്‍ ചേര്‍ന്ന് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുമ്പോഴായിരുന്നു ബാംഗ്ലൂരിന്‍റെ കൂട്ട തകര്‍ച്ച.

എന്നാല്‍ 27 പന്തില്‍ 48 റണ്‍സ് നേടിയ ഡീവില്ലേഴ്സ് വിജയലക്ഷ്യത്തിനു തൊട്ട് അടുത്ത് എത്തിച്ചു. 4 ഫോറും 2 സിക്സുമാണ് ഡീവില്ലേഴ്സ് നേടിയത്. അവസാന പന്തില്‍ 1 റണ്‍ വേണമെന്നിരിക്കെ ഹര്‍ഷല്‍ പട്ടേല്‍ വിജയ റണ്‍ നേടി. മുംബൈക്ക് വേണ്ടി ബൂംറ, ജേന്‍സന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ക്രുണാല്‍ പാണ്ട്യ, ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിന് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. സഹ ഓപ്പണര്‍ ക്രിസ് ലിനുമായുള്ള ആശയകുഴപ്പത്തിനിടെ രോഹിത് ശര്‍മ്മ (19) റണ്ണൗട്ടാവുകയായിരുന്നു. തുടക്കത്തിലേ മുംബൈക്ക് വിക്കറ്റ് നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവിനൊപ്പം ക്രിസ് ലിന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

70 റണ്‍സ് കൂട്ടുകെട്ട് ഇരുവരും പടുത്തുയര്‍ത്തി. 31 റണ്‍സെടുത്താണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. അധികം വൈകാതെ വാഷിങ്ങ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ ക്രിസ് ലിനും പുറത്തായി. 35 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 49 റണ്ണാണ് നേടിയത്.

പിന്നീട് എത്തിയ മധ്യനിര താരങ്ങള്‍ക്ക് സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലാ. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളര്‍മാര്‍ റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിക്കുന്നതോടൊപ്പം വിക്കറ്റും എടുത്തു. ഹര്‍ഷല്‍ പട്ടേലാണ് ഏറ്റവും മികച്ചു നിന്നത്. രണ്ടാം സ്പെല്ലില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ(13), ഇഷാന്‍ കിഷാന്‍ (28) എന്നിവരെ പുറത്താക്കിയ പട്ടേല്‍ ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ വെറും 1 റണ്‍ വഴങ്ങി മൂന്നു വിക്കറ്റ് നേടി.

പൊള്ളാര്‍ഡ് (7), ക്രുണാല്‍ പാണ്ഡ്യ(7), ജാന്‍സന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷാല്‍ പട്ടേല്‍ നേടിയത്‌. ആദ്യ ഓവറില്‍ 15 റണ്‍സ് നല്‍കിയതിനു ശേഷമായിരുന്നു ഹാര്‍ഷലിന്റെ 5 വിക്കറ്റ് നേട്ടം. ബാംഗ്ലൂരിനു വേണ്ടി ജെയ്മിസണ്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous article1079 ദിവസത്തിനു ശേഷം ആദ്യ സിക്സ്. അതും സ്റ്റേഡിയത്തിനു പുറത്ത്.
Next articleIPL 2021 : ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതാദ്യം. ഹര്‍ഷല്‍ പട്ടേല്‍ ഹീറോ