പതിനാലാം സീസൺ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റൺസിന്റെ ആധികാരിക വിജയം .നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 200നപ്പുറമുള്ള സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യനിര പരാജയമായി. 80 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (53)യും മികച്ച പ്രകടനം പുറത്തെടുത്തു.
ഓപ്പണിങ് ബാറ്റ്സ്മാൻ നിതീഷ് റാണയാണ് കൊൽക്കത്ത ടീമിന് മികച്ച തുടക്കം നൽകിയത് .നേരത്തെ കൊറോണ ബാധിതനായ താരം ഐപിൽ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് കോവിഡ് മുക്തി നേടിയത് .റാണ 56 പന്തിൽ 9 ഫോറും 4 സിക്സറും പായിച്ചാണ് 80 റൺസ് അടിച്ചെടുത്തത് .142.86 പ്രഹരശേഷിയിൽ റൺസ് കണ്ടെത്തിയ താരം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കും എന്ന് കരുതിയെങ്കിലും നബിയുടെ പന്തിൽ വിജയ് ശങ്കർ പിടിച്ച് പുറത്തായി .
എന്നാൽ സിക്സ് അടിച്ച് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം താരം കാഴ്ചവെച്ച സെലിബ്രേഷനാണ് ക്രിക്കറ്റ് ലോകത്തിലെ ചർച്ച വിഷയം . അർദ്ധ സെഞ്ചുറി പിന്നിട്ട നിതീഷ് റാണയുടെ അസാധാരണമായ ആഘോഷം ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരുന്നു. മോതിര വിരൽ മടക്കി നിതീഷ് റാണ ‘എം’ രൂപത്തിലാക്കിയായിരുന്നു അർദ്ധ സെഞ്ചുറി ആഘോഷിച്ചത്. ഫുട്‌ബോൾ താരം ഒസിലിന്റെ വളരെ പ്രശസ്തമായ ആഘോഷത്തിന് വളരെയേറെ സമാന രീതിയിലായിരുന്നു റാണയുടെ ആഘോഷം. കൊൽക്കത്ത താരത്തിന്റെ ഈ ആഘോഷത്തിന് പിന്നിലെ കാരണം ചികഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയെങ്കിലും ഉത്തരം കണ്ടെത്താനായിരുന്നില്ല.