സാധാരണയായി ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരുപാട് കളിക്കാർ പരിക്കു മൂലം മാറി നിൽക്കാറുണ്ട്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് ഐപിഎല്ലിൽ കാണുന്നത്. ലീഗിലെ ചെന്നൈയുടെ യുവ പേസറായ മുകേഷ് ചൗധരിയും, ലക്നവിന്റെ യുവ പേസറായ മുഹ്സിൻ ഖാനുമാണ് ഇപ്പോൾ പരിക്കിന്റെ പിടിയിലായിരിക്കുന്നത്. അതിനാൽതന്നെ ഐപിഎല്ലിന്റെ 2023ലെ സീസണിൽ ഇരു താരങ്ങളും കളിക്കുമോ എന്നതിനെ സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുകയാണ്. 2022ലെ ഐപിഎല്ലിൽ വളരെയധികം മികവ് കാട്ടിയ താരങ്ങളാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇരു ഫ്രാഞ്ചൈസികൾക്കും വലിയ നഷ്ടം തന്നെയാണ് ഈ താരങ്ങളുടെ പരിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിനായി 2022ൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്ററായിരുന്നു മുകേഷ് ചൗധരി. 2022ൽ ദീപക് ചാഹറിന്റെ അഭാവത്തിൽ ചെന്നൈയുടെ ന്യൂബോൾ ബോളറായിയാണ് മുകേഷ് ചൗധരി കളിച്ചിരുന്നത്. സീസണിൽ 13 മത്സരങ്ങൾ കളിച്ച ചൗധരി 16 വിക്കറ്റുകൾ നേടുകയുണ്ടായി. എന്നാൽ ഇത്തവണ ചൗധരിക്ക് പരിക്ക് പറ്റിയതിനെപ്പറ്റി ചെന്നൈ മാനേജ്മെന്റ് അറിയിച്ചിരിക്കുകയാണ്. “ഞങ്ങൾ മുകേഷിനായി കാത്തിരിക്കുകയാണ്. പക്ഷേ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് അധികം പ്രതീക്ഷയില്ല. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ പ്രധാന ബോളർമാരിൽ ഒരാളായിരുന്നു മുകേഷ്. ഈ സീസണിൽ അവന് കളിക്കാൻ സാധിക്കാത്തത് നിർഭാഗ്യകരമാണ്.”- ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു.
ലക്നൗ പേസർ മുഹസിൻ ഖാനാണ് പരിക്കിലായിരിക്കുന്ന മറ്റൊരു താരം. 2022ലെ ടൂർണമെന്റിൽ കേവലം 9 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ ആയിരുന്നു മുഹ്സിൻ ഖാൻ ലക്നൗ ടീമിനായി നേടിയത്. എന്നാൽ ഇപ്പോൾ പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് മുഹ്സിൻ. എന്നിരുന്നാലും ഇത്തവണത്തെ സീസണിൽ രാഹുൽ നയിക്കുന്ന ടീമിനൊപ്പം മുഹ്സിൻ ഖാൻ അണിനിരക്കാനുള്ള സാധ്യത വളരെ കുറവ് തന്നെയാണ്. ഇതേ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലക്നൗ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി പക്വമായ പ്രകടനങ്ങൾ പുറത്തെടുത്ത ഇരു താരങ്ങൾക്കും വലിയ ക്ഷീണം തന്നെയാണ് ഈ പരിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലം മാറി നിൽക്കേണ്ടി വന്നതിനാൽ തന്നെ ഫ്രാഞ്ചൈസികൾക്കും തലവേദനയേറുകയാണ്. മുൻപ് ചെന്നൈയുടെ സൂപ്പർ ബോളറായ ജാമിസനും പരിക്ക് മൂലം മാറി നിന്നിരുന്നു. പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ബോളർ സീസാണ്ട മഗാലയെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.