ഇന്ത്യക്ക് വീണ്ടും തിരിച്ചടി : പരിക്കേറ്റ സ്റ്റാർ പേസർ ബുംറ അവസാന ടെസ്റ്റ് കളിക്കില്ല

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം ശേഷിക്കെ  ഇന്ത്യന്‍  ക്രിക്കറ്റ് ടീമിന് വീണ്ടും  പരിക്കിന്‍റെ  തിരിച്ചടി . ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയേറ്റ പരിക്കാണ് ബുമ്രയ്‌ക്ക് വിനയായത് . പരിക്ക് കാരണം  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മധ്യനിര ബാറ്റ്സ്‌മാന്‍ ഹനുമ വിഹാരിയും ബ്രിസ്‌ബേനില്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.  ബുംറ കൂടി പരിക്കേറ്റ് പിൻവാങ്ങിയതോടെ ഇന്ത്യക്ക് ഇരട്ടി പ്രഹരമായി .

അടുത്ത മാസം  ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് കൂടി പരിഗണിച്ചാണ് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള  കടുത്ത  തീരുമാനം ബിസിസിഐ കൈകൊണ്ടത്  എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിലുടെ പരമ്പരയില്‍ ബുമ്ര കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ വൃത്തങ്ങള്‍ വാർത്ത ഏജൻസികളോട് വെളിപ്പെടുത്തി .

ബുമ്രയും പരിക്കേറ്റ് വിശ്രമിക്കുന്നതോടെ രണ്ട്  ടെസ്റ്റ് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് ആക്രമണം
നയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് . ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസാക്രണം നയിക്കുക സിറാജ് ആയിരിക്കും .നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും.ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് പരമ്പര വിജയികളെ തീരുമാനിക്കും. 

അതേസമയം . ഇതേ പര്യടനത്തിനിടെ ഏകദിനത്തിലും ടി20യിലും അരങ്ങേറി മിന്നും പ്രകടനം കാഴ്ചവെച്ച  ഇടം കയ്യൻ പേസർ  ടി. നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരമൊരുങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരേയും കൂടാതെ നവ്‌ദീപ് സൈനിയും ഷാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ  ഇടംപിടിക്കും. രവീന്ദ്ര ജഡേജയ്‌ക്ക് പകരമാണ് താക്കൂര്‍ എത്തുക. 

Read More  ജന്മദിനത്തിൽ ഫിഫ്റ്റി അടിച്ച് രാഹുൽ :വീണ്ടും അപൂർവ്വ റെക്കോർഡ് പഞ്ചാബ് നായകന് സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here