ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങുകയുണ്ടായി. ശേഷം 2024 മുതൽ 2027 വരെയുള്ള കാലയളവിൽ മുഖ്യ പരിശീലകനായി ഇന്ത്യ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ നിശ്ചയിക്കുകയും ചെയ്തിരുന്നു.
2007ലും 2011ലും ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു ഗംഭീർ. ശേഷം കൊൽക്കത്ത ടീമിന്റെ നായകൻ എന്ന നിലയിൽ രണ്ട് കിരീടങ്ങൾ സ്വന്തമാക്കാനും ഗംഭീറിന് സാധിച്ചു. 2024 ഐപിഎല്ലിൽ കൊൽക്കത്ത വിജയ കിരീടം ചൂടിയപ്പോൾ മെന്ററായി ഗംഭീർ കൂടെയുണ്ടായിരുന്നു. ഇപ്പോൾ ഗംഭീറിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീ.
ഇന്ത്യൻ ടീമിന്റെ ഭാവി ഗംഭീറിന്റെ കയ്യിൽ സുരക്ഷിതമാണ് എന്ന് ലീ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വരും സമയങ്ങളിൽ ഇന്ത്യയ്ക്കായി ഒരു കൃത്യമായ ഘടന ഉണ്ടാക്കിയെടുക്കാൻ ഗംഭീറിന് സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി ലീ പറയുകയുണ്ടായി. ആക്രമണ മനോഭാവമാണ് എല്ലായിപ്പോഴും ഗംഭീർ പുലർത്തുന്നതെന്നും അത് ടീമിന് ഗുണം ചെയ്യും എന്നുമാണ് ബ്രറ്റ് ലിയുടെ അഭിപ്രായം. എല്ലായിപ്പോഴും വിജയിക്കാനുള്ള മനോഭാവം ഗംഭീറിൽ താൻ കണ്ടിട്ടുണ്ട് എന്നാണ് ലീ പറയുന്നത്.
“ഗംഭീർ ഇന്ത്യൻ ടീമിനായി കൃത്യമായി ഒരു ഘടന ഉണ്ടാക്കിയെടുക്കും എന്നാണ് ഞാൻ കരുതുന്നത്. മികച്ച ഒരു കളിക്കാരനായിരുന്നു ഗംഭീർ. വലിയ അഗ്രഷനും വിജയിക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹവുമുള്ള താരമാണ് അവൻ. അത് ഇന്ത്യയ്ക്ക് സഹായകരമായി മാറും. ഒരു കളിക്കാരൻ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് തിളങ്ങാൻ ഗംഭീറിന് സാധിച്ചിരുന്നു. ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ സുരക്ഷിതമായിരിക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”- ലീ പറയുകയുണ്ടായി.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെയാണ് ഗംഭീർ മുഖ്യ പരിശീലകനായി എത്തുന്നത്. ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നടക്കുന്നത്. 3 ട്വന്റി20 മത്സരങ്ങളും 4 ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ജൂലൈ 27, 28, 30 എന്നീ തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 എന്നീ തീയതികളിൽ കൊളംബോയിലാണ് 3 ഏകദിനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ടീം തന്നെ ഇരു പരമ്പരകൾക്കുമായി പുറപ്പെടും എന്ന കാര്യം ഉറപ്പാണ്.