ഇന്ത്യയുടെ ഉപനായകൻ കെ എൽ രാഹുലിന്റെ സെലക്ഷനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. ഇന്ത്യ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പക്ഷപാതപരമായിട്ടാണ് എന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യ രാഹുലിനെ ടീമിൽ ഉപനായകനായി ഉൾപ്പെടുത്തിയ തീരുമാനത്തെയാണ് വെങ്കിടേഷ് പ്രസാദ് ചോദ്യം ചെയ്യുന്നത്.
“കെഎൽ രാഹുലിന്റെ കഴിവിൽ എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. പക്ഷേ അയാളുടെ പ്രകടനങ്ങൾ ശരാശരിക്കും താഴെ തന്നെയാണ്. എട്ടുവർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 46 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രാഹുലിന്റെ ശരാശരി വെറും 34 റൺസ് ആണ്. ഇത് മോശം നമ്പറാണ്. ഇത്രയും അവസരങ്ങൾ മറ്റൊരു കളിക്കാരന് ലഭിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പ്രത്യേകിച്ച് മറ്റു പല ബാറ്റർമാരും മികച്ച ഫോമിൽ സൈഡ് ബഞ്ചിലിരിക്കുമ്പോൾ. ശുഭമാൻ ഗിൽ മികച്ച ഫോമിലാണുള്ളത്. സർഫറാസ് ഖാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച രീതിയിൽ കളിക്കുന്നു. ഇവരൊക്കെയും രാഹുലിനുമേൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്.”- വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
“മാത്രമല്ല രാഹുലിനെ ഇന്ത്യ വയസ്സ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. അശ്വിനാണ് മികച്ച ക്രിക്കറ്റ് തലച്ചോറുള്ളത്. അയാളാണ് ടീമിന്റെ ഉപനായകനാവേണ്ടത്. അല്ലാത്തപക്ഷം പൂജാരയോ ജഡേജയോ ഉപനായകന്മാർ ആവണം. രാഹുലിനെക്കാളും ടെസ്റ്റിൽ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ള കളിക്കാരാണ് ഹനുമാ വിഹാരിയും മായങ്ക് അഗർവാളും.”- വെങ്കിടേഷ് പ്രസാദ് കൂട്ടിച്ചേർക്കുന്നു.
“രാഹുലിന്റെ സെലക്ഷൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല, പക്ഷപാതം തന്നെയാണത്. കഴിഞ്ഞ എട്ടു വർഷങ്ങളായി ‘സ്ഥിരതയോടെ അസ്ഥിരത’ കാണിക്കുന്ന ക്രിക്കറ്ററാണ് കെഎൽ രാഹുൽ. തന്റെ കഴിവ് പ്രകടനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ രാഹുലിന് ഇതുവരെ സാധിച്ചിട്ടില്ല.”- പ്രസാദ് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയുടെ ഓസീസിനെതിരായ നാഗപൂർ ടെസ്റ്റിൽ 71 പന്തുകളിൽ 20 റൺസ് മാത്രമായിരുന്നു രാഹുൽ നേടിയത്.